ഇനി 'ബ്രേക്ക് മണ്‍സൂണ്‍' പ്രതിഭാസം ; മണ്‍സൂണ്‍ പാത്തി ഹിമാലയന്‍ ഭാഗത്തേക്ക് 

പുതിയ ന്യൂനമര്‍ദം 22 ന് രൂപപ്പെടാനുള്ള സാധ്യതകള്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വിലയിരുത്തുന്നുണ്ട്
ഇനി 'ബ്രേക്ക് മണ്‍സൂണ്‍' പ്രതിഭാസം ; മണ്‍സൂണ്‍ പാത്തി ഹിമാലയന്‍ ഭാഗത്തേക്ക് 

കൊച്ചി : കേരളത്തില്‍ കനത്ത നാശം വിതച്ച മണ്‍സൂണ്‍ പാത്തി വീണ്ടും ഹിമാലയത്തിലേക്ക് നീങ്ങുന്നു. പാത്തി വടക്കോട്ട് നീങ്ങുന്നതിനാല്‍ മധ്യ-ദക്ഷിണ ഇന്ത്യയില്‍ മഴ ശമിക്കുമെന്നാണ് വിലയിരുത്തല്‍. ബ്രേക്ക് മണ്‍സൂണ്‍ പ്രതിഭാസം മൂലം വ്യാഴാഴ്ചയ്ക്ക് ശേഷം കേരളത്തില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. 

മൂന്നു ദിവസത്തിനകം ഹിമാലയന്‍ ഭാഗത്തേക്ക് നീങ്ങുന്ന  മണ്‍സൂണ്‍ പാത്തി താഴ്‌വരയില്‍ തങ്ങി പ്രളയം സൃഷ്ടിക്കുന്ന തരത്തില്‍ അവിടെ ശക്തമായി പെയ്യുമെന്നാണ് വിലയിരുത്തല്‍. ബ്രേക്ക് മണ്‍സൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന് ആഗസ്റ്റ് 16 ന് ശേഷം 20 വരെ കേരളത്തില്‍ മഴ കുറയാനിടയാക്കും. മേഘം നീങ്ങുന്നതോടെ തെളിഞ്ഞ ആകാശം ആയതിനാല്‍ കനത്ത വെയിലിനും സാധ്യതയുണ്ട്. 

കേരളത്തിലെ സജീവ മണ്‍സൂണ്‍ കാലഘട്ടം അവസാനിക്കുന്നതായാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. 22 ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതകള്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വിലയിരുത്തുന്നുണ്ട്. ഇത് ശക്തിപ്പെട്ടാല്‍ വീണ്ടും മഴ പെയ്‌തേക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ന്യൂനമര്‍ദം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. 

നേരത്തെ ജൂലൈ മാസം ആദ്യത്തിലും മണ്‍സൂണ്‍ ഹിമാലയത്തിലേക്ക് പോയിരുന്നു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയാണ് താണ്ഡവമാടിയത്. ഇതിനിടെ ബംഗാല്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ജാര്‍ഖണ്ഡിലൂടെ മധ്യപ്രദേശിന്റെ വടക്കു പിന്നിട്ട് ഉത്തര്‍പ്രദേശിലേക്ക് പോകുകയാണ്. ഇപ്പോഴത്തെ സാഹചരത്തില്‍ ഇത് ഗുജറാത്തില്‍ എത്തുന്നതിന് മുമ്പ് നിര്‍വീര്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com