ജോണിയെ ലക്ഷ്യമിട്ട് ജോസഫും ജോസ് കെ മാണിയും ; ഒരു സീറ്റുകൂടി ചോദിക്കാന്‍ ജേക്കബ് ഗ്രൂപ്പ്

ഇത്തവണ കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നപ്പോള്‍ രണ്ടുകൂട്ടരും സമീപിച്ചിരുന്നു. ഞാന്‍ പോയില്ല - ജോണി നെല്ലൂര്‍
ജോണിയെ ലക്ഷ്യമിട്ട് ജോസഫും ജോസ് കെ മാണിയും ; ഒരു സീറ്റുകൂടി ചോദിക്കാന്‍ ജേക്കബ് ഗ്രൂപ്പ്

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അഭിപ്രായഭിന്നതകള്‍ക്കിടെ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റുകൂടി ചോദിക്കാന്‍ ജേക്കബ് ഗ്രൂപ്പില്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ആലോചന. മുമ്പ് നാല് എംഎല്‍എമാര്‍ വരെ ഉണ്ടായിരുന്ന പാര്‍ട്ടിക്ക് കഴിഞ്ഞ തവണ നല്‍കിയത് ഒരു സീറ്റ് മാത്രമാണ്. 

പിറവത്ത് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് വിജയിച്ചു. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന് സീറ്റ് കിട്ടിയതുമില്ല. ഇടഞ്ഞ ജോണി നെല്ലൂരിനെ യുഡിഎഫ് സെക്രട്ടറിയാക്കിയാണ് അനുനയിപ്പിച്ചത്. ഇത്തവണ കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതോടെ, ജേക്കബ് ഗ്രൂപ്പ് ജോസഫ് വിഭാഗത്തില്‍ ലയിക്കണമെന്ന നിര്‍ദേശം ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന വിഭാഗം ഉയര്‍ത്തിയിരുന്നു. 

എന്നാല്‍ അനൂപ് ജേക്കബ് വിഭാഗം ഈ ആവശ്യം തള്ളി. ലയിച്ചാല്‍ സീറ്റ് നല്‍കണമെന്ന ജോണിനെല്ലൂരിന്റെ ആവശ്യത്തിനോട് ജോസഫ് ഉറപ്പുനല്‍കാതിരുന്നതും ഈ നീക്കത്തിന് തിരിച്ചടിയായി. തല്‍ക്കാലം പാര്‍ട്ടി വിടുന്നതിനെക്കുറിച്ചോ പിളര്‍പ്പിനെക്കുറിച്ചോ ആലോചനയില്ലെന്നാണ് ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടത്. 

26 കൊല്ലമായി എന്നെക്കുറിച്ചു പറയുന്ന ആക്ഷേപമാണിത്. ഇത്തവണ കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നപ്പോള്‍ രണ്ടുകൂട്ടരും സമീപിച്ചിരുന്നു. ഞാന്‍ പോയില്ല. കേരള കോണ്‍ഗ്രസുകള്‍ ഒന്നാകണം എന്ന് താന്‍ ആഗ്രഹിരുന്നു. പല തലത്തില്‍ ചര്‍ച്ചകളും നടത്തി. കെ എം മാണി ജീവിച്ചിരുന്നെങ്കില്‍ അതു നടക്കുമായിരുന്നു എന്നാണ് വിശ്വാസം. 

ഇപ്പോഴത്തെ പരിഗണന പാര്‍ട്ടിക്ക് ഒരു സീറ്റുകൂടി നേടിയെടുക്കുകയാണ്. കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ ഒന്നുവേണം. രണ്ടിടത്തും കഴിഞ്ഞ തവണ യുഡിഎഫ് തോറ്റതാണ്. ജോണി നെല്ലൂര്‍ പറഞ്ഞു. ജോണിനെല്ലൂരിനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെടുമെന്നും, പാര്‍ട്ടിയില്‍ പിളര്‍പ്പിന് കാരണമില്ലെന്നും അനൂപ് ജേക്കബും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com