സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു ; നാളെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2019 02:14 PM  |  

Last Updated: 15th August 2019 02:14 PM  |   A+A-   |  

rain-keralamonsoon

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അടുത്ത അഞ്ചുദിവസങ്ങളില്‍ കേരളത്തില്‍ താരതമ്യേന മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. 

നാളെ (ആഗസ്റ്റ് 16) കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. മറ്റന്നാള്‍ മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല.

ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വിവിധ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും ജാഗ്രത തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. താലൂക്ക് തലത്തില്‍ തുടങ്ങിയ കണ്‍ട്രോള്‍ റൂമുകള്‍ നിലനിര്‍ത്താനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. 

ആഗസ്റ്റ് എട്ട് മുതലാണ് സംസ്ഥാനത്ത് മഴ വീണ്ടും കനത്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് വഴി വച്ചത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. ഇതോടെയാണ് സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞത്.