പൊലീസ് ക്ലിയറന്‍സ് ഇല്ല ; പി രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു ; വിദേശസന്ദര്‍ശനം അനിശ്ചിതത്വത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th August 2019 01:54 PM |
Last Updated: 16th August 2019 01:54 PM | A+A A- |

കൊച്ചി: പൊലീസ് ക്ലിയറന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു. ഇതോടെ രാജുവിന്റെ വിദേശസന്ദര്‍ശനം അനിശ്ചിതത്വത്തിലായി. എറണാകുളത്ത് നടന്ന സിപിഐയുടെ ഡിഐജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചത്.
ഡമാസ്‌കസില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പി രാജു പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. നിലവിലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കുന്നതിന് വേണ്ടിയായിരുന്നു രാജു അപേക്ഷ നല്‍കിയത്. വൈപ്പിന്‍ കോളേജ് വിഷയത്തില്‍ പി രാജുവിനെ തടഞ്ഞ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സിപിഐ ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ഈ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ എംഎല്‍എ എല്‍ദോ എബ്രഹാം അടക്കം നിരവധി പാര്‍്ട്ടി നേതാക്കന്മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ പി രാജു, എല്‍ദോ എബ്രഹാം എംഎല്‍എ എന്നിവരടക്കമുള്ള സിപിഐ നേതാക്കള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
ഇതിന്റെ ചുവടു പിടിച്ചാണ് പാസ്‌പോര്‍ട്ട് അപേക്ഷയില്‍ പൊലീസ് ക്ലിയറന്‍സ് നല്‍കാത്തത്. അടുത്തമാസം എട്ടാം തിയതിയാണ് പി രാജുവിന് ദമാസ്‌കസിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടത്. ഇതിനായി ടിക്കറ്റ് അടക്കം താന്‍ വാങ്ങിയെന്നും പൊലീസ് ക്ലിയറന്‍സ് നല്‍കാന്‍ ഇടപെടണമെന്നും കാണിച്ച് പി രാജു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.