പ്രളയദുരിതത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അമൃതാനന്ദമയി മഠത്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ വീതം നല്‍കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th August 2019 10:13 PM |
Last Updated: 16th August 2019 10:13 PM | A+A A- |

കൊല്ലം:കേരളത്തിലെ മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് മാതാ അമൃതാനന്ദമയിയുടെ കൈത്താങ്ങ്. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം അമൃതാനന്ദമയി മഠം നല്‍കും.
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുഃഖത്തില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് ശക്തി നല്‍കണമേ എന്ന് പരമാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അമൃതാനന്ദമയി ദേവി പറഞ്ഞു. ദുരിതം നേരിടുന്നവരിലേയ്ക്ക് കാരുണ്യവും സേവനവുമായി നാമോരോരുത്തരും കടന്നു ചെല്ലണം. ഹൃദയങ്ങളില്‍ നിന്നുമൊഴുകുന്ന കാരുണ്യത്തിനും പ്രേമത്തിനും മാത്രമേ ഇത്തരം ദുഃഖഘട്ടങ്ങളില്‍ സാന്ത്വനം പകരാന്‍ സാധിക്കൂവെന്ന് അമ്മ ഓര്‍മപ്പെടുത്തി. വിവേകമില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതും മറ്റു പ്രകൃതി ചൂഷണങ്ങളുമൊക്കെ ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടാന്‍ കാരണമാകുന്നുവെന്നും അമ്മ അഭിപ്രായപ്പെട്ടു.
പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അവശ്യസഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അമൃത ഹെല്‍പ് ലൈന്‍ സഹായകേന്ദ്രം അമൃത വിശ്വ വിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസില്‍ സജ്ജീകരിച്ചിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ സന്നദ്ധ സേവകരാണ് ഈ ഹെല്‍പ് ലൈന്‍(0476 2805050) സംവിധാനം കൈകാര്യം ചെയ്തത്.
ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി 'അമൃതകൃപ' എന്നപേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപ്പും സജ്ജീകരിച്ചിരുന്നു. ദുരിതബാധിതരെ കണ്ടെത്തുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായവും ഭക്ഷണം, വെള്ളം മുതലായ ആവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുമായി വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷന്‍.
കേരളത്തിന്റെ പ്രളയബാധിത പ്രദേശങ്ങളായ വയനാട്, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ മഠവും മഠത്തിന്റെ മറ്റുസ്ഥാപനങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.ആശ്രമത്തിന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ ദുരന്തനിവാരണദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.കഴിഞ്ഞവര്‍ഷം പ്രളയദുരിതത്തില്‍പെട്ടവര്‍ക്കായി സഹായങ്ങള്‍ ഒരുക്കിയതിനോടൊപ്പം 10 കോടിരൂപ മഠം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കിയിരുന്നു.