മഴക്കെടുതി : വിവിധ താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th August 2019 06:52 AM |
Last Updated: 16th August 2019 06:52 AM | A+A A- |
തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ സെന്ററുകളുമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി, താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി ആയിരിക്കും. മറ്റ് താലൂക്കുകളിലെ ക്യാമ്പുകള്‍ ആയും കളക്ഷന്‍ സെന്റര്‍ ആയും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കേളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പത്തനംതിട്ടയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്.
കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങാനേശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ബാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തി ദിവസം ആയിരിക്കും.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മറ്റു എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.