ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവിന്റെ നിര്‍ബന്ധിത പണപ്പിരിവ് ; വിവാദം ; കളക്ടര്‍ റിപ്പോര്‍ട്ട് തേടി (വീഡിയോ)

ദുരിതാശ്വാസ ക്യാമ്പില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് 
ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവിന്റെ നിര്‍ബന്ധിത പണപ്പിരിവ് ; വിവാദം ; കളക്ടര്‍ റിപ്പോര്‍ട്ട് തേടി (വീഡിയോ)

ആലപ്പുഴ : മഴക്കെടുതി നേരിട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ്. സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് പണപ്പിരിവ് നടന്നത്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കുറുപ്പന്‍കുളങ്ങര ക്യാമ്പിലാണ് അതിക്രമം നടന്നത്. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനാണ് ക്യാമ്പിലുള്ളവരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയത്. 

 സിവില്‍ സപ്ലൈസില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനുള്ള വണ്ടി വാടകയായി പണം നല്‍കണം എന്നാവശ്യപ്പെട്ടാണ് ഓമനക്കുട്ടന്‍ ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതരില്‍ നിന്നും  നിര്‍ബന്ധമായി പണം പിരിച്ചത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്പില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നും  ഇയാള്‍ ആവശ്യപ്പെട്ടു. മുന്‍കാലങ്ങളിലും ഇങ്ങനെയാണ് ചെയ്തിരുന്നതെന്നും ഓമനക്കുട്ടന്‍ പറഞ്ഞു. പണപ്പിരിവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട് 

ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടികവര്‍ഗകോളനി നിവാസികളാണ് കുറുപ്പന്‍കുളങ്ങര ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഇപ്പോള്‍ പണപ്പിരിവ് നടത്തിയ ഓമനക്കുട്ടനായിരുന്നു കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിലും ഈ ക്യാമ്പിന്റെ സംഘാടകന്‍. അന്നും ഇയാള്‍ പണപ്പിരിവ് നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവ് നടത്തിയതായി ഓമനക്കുട്ടന്‍ സമ്മതിച്ചു. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നാണ് ഓമനക്കുട്ടന്‍ നല്‍കുന്ന വിശദീകരണം.

സംഭവം ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ റവന്യൂ അധികൃതരോട് ചോദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ ണപ്പിരിവ് നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ചേര്‍ത്തല തഹസില്‍ദാര്‍ പറഞ്ഞു. ദുരിതാശ്വാസക്യാമ്പില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാം ക്യാമ്പുകളുടേയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com