ദുരിതാശ്വാസം: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു; ധര്‍മ്മജനെ ധര്‍മ്മാ'ജി'യാക്കി; അസഭ്യവര്‍ഷവുമായി സൈബര്‍ പോരാളികള്‍

ധര്‍മജനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകളും ധര്‍മജന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിറഞ്ഞു
ദുരിതാശ്വാസം: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു; ധര്‍മ്മജനെ ധര്‍മ്മാ'ജി'യാക്കി; അസഭ്യവര്‍ഷവുമായി സൈബര്‍ പോരാളികള്‍

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം ദുരിതബാധിതര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങള്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ ഒരു വിഭാഗം അസഭ്യവര്‍ഷം കൊണ്ടു നേരിട്ടപ്പോള്‍ സത്യം പറയാന്‍ ധര്‍മജന്‍ ധൈര്യം കാണിച്ചു എന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. 

ഒരു സ്വകാര്യ ചാനലിനു നല്‍കിയ പ്രതികരണത്തിലായിരുന്നു ധര്‍മജന്റെ വിവാദ പരാമര്‍ശം. 'കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗതയില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല,' എന്നായിരുന്നു ധര്‍മജന്റെ പ്രസ്താവന. താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു ധര്‍മജന്റെ പ്രതികരണം. ഈ പ്രസ്താവനയാണ് വ്യാപകമായ വിമര്‍ശനത്തിന് വഴി വച്ചത്. 

ദുരിതാശ്വാസ നിധിയിലെ തുകയുടെ വിതരണം സംബന്ധിച്ച് ധര്‍മജനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വസ്തുതകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഇക്കാര്യം താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍, ധര്‍മജനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകളും ധര്‍മജന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിറഞ്ഞു. താരത്തിന്റെ എല്ലാ പോസ്റ്റുകള്‍ക്കും താഴെ അസഭ്യവര്‍ഷം നടത്തിയാണ് ഒരു കൂട്ടം പ്രതികരിച്ചത്. ധര്‍മജന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പോലും ചിലര്‍ മുന്നോട്ടു വച്ചു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ രോഷം കൊള്ളുന്നതില്‍ അടിസ്ഥാനമില്ലെന്നും മറ്റു ചിലര്‍ പ്രതികരിച്ചു. 

അതേസമയം, ധര്‍മജന്റെ പ്രസ്താവനയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ധര്‍മജന്‍ മാതൃകയാണെന്നായിരുന്നു അവരുടെ നിലപാട്. ധര്‍മജന്‍ പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടെന്നും വീടു പൂര്‍ണമായി തകര്‍ന്നവര്‍ക്കും ഭാഗികമായി കേടുപാടു സംഭവിച്ചവര്‍ക്കും മതിയായ സഹായധനം കിട്ടിയില്ലെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നും ആരാധകര്‍ പ്രതികരിച്ചു. 
ധമാക്ക എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ധര്‍മജന്‍ ഇപ്പോള്‍. അതിനിടെ ദുരിതമേഖലയിലെ ആളുകള്‍ക്ക് നല്‍കാനുള്ള സാധനങ്ങള്‍ താരം തൃശൂരിലെത്തി കൈമാറി. ധര്‍മജന്റെ സ്ഥാപനമായ ധര്‍മൂസ് ഫിഷ് ഹബ് വഴിയും സാധനങ്ങള്‍ ശേഖരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com