മുത്തശ്ശിയെ കൊന്ന് മൂന്ന് പവന്റെ സ്വര്‍ണമാല തട്ടിയെടുത്തു; നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ ചെറുമകന്‍ പിടിയില്‍

മകളുടെ മകന്‍ 30 വയസ്സുകാരനായ പ്രശാന്താണ് അന്വേഷണത്തിന് ഒടുവില്‍ പിടിയിലായത്
മുത്തശ്ശിയെ കൊന്ന് മൂന്ന് പവന്റെ സ്വര്‍ണമാല തട്ടിയെടുത്തു; നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ ചെറുമകന്‍ പിടിയില്‍

തൃശൂര്‍: മുത്തശ്ശിയെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. തൃശൂര്‍ മാമ്പ്ര സ്വദേശിനി സാവിത്രി(70) ആണ് കൊല്ലപ്പെട്ടത്. മകളുടെ മകന്‍ 30 വയസ്സുകാരനായ പ്രശാന്താണ് അന്വേഷണത്തിന് ഒടുവില്‍ പിടിയിലായത്. മൂന്ന് പവന്റെ മാല തട്ടിയെടുത്ത് നാടുവിടാന്‍ ശ്രമിക്കുകയായിരുന്നു പ്രതി.

തൃശ്ശൂര്‍ കൊരട്ടിയിലാണ് സംഭവം. മകളുടെ വീട്ടില്‍ വന്നതായിരുന്നു സാവിത്രി. ഇതിനിടയില്‍ മകളും മകളുടെ ഭര്‍ത്താവും മറ്റൊരു വീട്ടില്‍ പോയി. തുടര്‍ന്ന് തിരിച്ചുവന്നപ്പോഴാണ് സാവിത്രി മരിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്താണ് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. 

ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സാവിത്രിയുടെ മരണശേഷം സ്വര്‍ണമോ മറ്റു വിലപ്പിടിപ്പുളള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയില്‍ എത്തിച്ചേര്‍ന്നത്.

അന്വേഷണത്തില്‍ സാവിത്രിയുടെ മൂന്ന് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടുവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപത്തെ ജ്വല്ലറികളും പണമിടപാട് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിലൊരിടത്ത് മകളുടെ മകന്‍ സ്വര്‍ണം പണയം വച്ച് പണം വാങ്ങി പോയതായി കണ്ടെത്തി. 

തുടര്‍ന്ന് ജില്ലയില്‍ ഒട്ടാകെ നടത്തിയ തെരച്ചലിലാണ് പ്രശാന്ത് പിടിയിലായത്. നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ ആമ്പല്ലൂരില്‍ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. സ്വര്‍ണം മോഷ്ടിച്ചത് സാവിത്രി മനസ്സിലാക്കിയതാണ് കൊലപാതകം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ പ്രശാന്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com