ശൈലജ ടീച്ചര്‍: മലയാളിക്ക് മേല്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന കരുതലിന്റെ പ്രതീകം, ഹൃദയസ്പര്‍ശിയായ കുറിപ്പ്

ടീച്ചര്‍ എന്തെല്ലാമാണ് എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ഒന്ന് വ്യക്തമായി പറയാം മലയാളിക്കു മേല്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന സ്‌നേഹത്തിന്റെ കരുതലിന്റെ ഉറവ വറ്റാത്ത പ്രതീകമാണ് അവര്‍ 
ശൈലജ ടീച്ചര്‍: മലയാളിക്ക് മേല്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന കരുതലിന്റെ പ്രതീകം, ഹൃദയസ്പര്‍ശിയായ കുറിപ്പ്

രോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ഒരു വിളിപ്പേരുണ്ട് 'ടീച്ചറമ്മ'. മന്ത്രിയായി സ്ഥാനമേറ്റ ശേഷം പലയവസരങ്ങളില്‍ കെകെ ശൈലജ ഇടപെട്ട വിഷയങ്ങളിലെ കരുതലും ചടുലമായ നടപടികളും ഒക്കെയാണ് ഇങ്ങനെയൊരു പേര് ചാര്‍ത്തിക്കൊടുത്തത്. മഴക്കെടുതിയിലെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ആരോഗ്യ മന്ത്രിയുടെ കരുതലിന്റെ നേര്‍സാക്ഷ്യം വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മാനന്തവാടി എംഎല്‍എ ഒആര്‍ കേളുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് രാജേഷ്. സിക്കിള്‍ സെല്‍ അനീമിയ രോഗ ബാധിതയുടെ വീട് സന്ദര്‍ശിക്കാന്‍ രാത്രി മഴ വകവയ്ക്കാതെ എത്തിയ ആരോഗ്യ മന്ത്രിയെക്കുറിച്ചാണ് രാജേഷ് കുറിച്ചിരിക്കുന്നത്. രാജേഷിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 

'ടീച്ചര്‍ എന്തെല്ലാമാണ് എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ഒന്ന് വ്യക്തമായി പറയാം മലയാളിക്കു മേല്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന സ്‌നേഹത്തിന്റെ കരുതലിന്റെ ഉറവ വറ്റാത്ത പ്രതീകമാണ് അവര്‍. മുന്നോട്ടുള്ള യാത്രയില്‍ ശൈലജ ടീച്ചര്‍ ഇനിയും കേരളമാകെ ആരോഗ്യ മേഖലയില്‍ തണല്‍ വിരിച്ചു കൊണ്ടേയിരിക്കും......... തീര്‍ച്ച'- രാജേഷ് പോസ്റ്റില്‍ പറയുന്നു. 

രാജേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫീല്‍ഡില്‍ തന്നെയാണ്. ചെയ്യുന്ന ഓരോ പ്രവൃത്തിയും ഉത്തരവാദിത്തത്തിന്റെ ഭാഗമായതിനാല്‍ തന്നെ നാട്ടാരെ മുഴുവന്‍ അറിയിക്കേണ്ടതില്ല എന്ന് തന്നെയാണ് എപ്പോഴും കരുതാറുള്ളത്.
എന്നാലും ചില സ്‌നേഹം നിറഞ്ഞ മനുഷ്യമുഖങ്ങളെ ഈ ദുരിതകാലത്ത് അടയാളപ്പെടുത്താതെ പോകുന്നത് ശരിയല്ലെന്ന് തോന്നുന്നു.

ഇന്നലെ വൈകുന്നേരം ഒരു അഞ്ചര മണിയോട് കൂടി മാനന്തവാടി താലൂക്കിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം കഴിഞ്ഞ് വരുന്ന സമയം .ബഹു: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പ്രമോദേട്ടന്റെ ഫോണ്‍ കോള്‍.
' രാജേഷേ ടീച്ചര്‍ ഇപ്പോള്‍ മട്ടന്നൂര്‍ ഉണ്ട്. മാനന്തവാടി വഴി കല്‍പ്പറ്റയ്ക്ക് പോകുന്നുണ്ട്. രാത്രി മാനന്തവാടി എത്തും. ടീച്ചര്‍ക്ക് സരസ്വതി എന്നു പറയുന്ന അവരുടെ വീട്ടില്‍ പോകണം'. നീ മാനന്തവാടിയില്‍ നില്‍ക്കുമോ?'
പെട്ടെന്ന് തിരിച്ചു ചോദിച്ചത് സരസ്വതിയേച്ചിക്ക് എന്താ പറ്റിയത് എന്നായിരുന്നു. വളരെ തിരക്കുള്ള സമയമായതിനാല്‍ കുറേ ദിവസങ്ങളായി സരസ്വതി ചേച്ചിയുടെ വിവരം ഒന്നും തിരക്കാറില്ലായിരുന്നു. ടീച്ചര്‍ക്ക് അവരെ കാണണം എന്ന് പറയുന്നു എന്ന മറുപടി ആണ് പ്രമോദേട്ടന്‍ തന്നത്.

വിവരം എം.എല്‍.എ യോട് പറഞ്ഞു. എം.എല്‍.എ അപ്പോള്‍ തന്നെ സരസ്വതിയേച്ചിയെ വിളിച്ചു. അസുഖം കുറച്ച് കൂടുതലായതിനാല്‍ വീട്ടില്‍ തന്നെ ആണെന്നും പുറത്തിറങ്ങാന്‍ കഴിയാത്ത കാലാവസ്ഥ ആണെന്നും പറഞ്ഞു.
സരസ്വതിയേച്ചി വയനാട്ടുകാര്‍ക്ക് സുപരിചിതയാണ്. സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ആയി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ആ രോഗികളില്‍ തന്നെ ഒരാളാണ്. ഇപ്പോഴത്തെ കാലാവസ്ഥയില്‍ രോഗാവസ്ഥ വളരെ രൂക്ഷമായിരിക്കും. അത് കൊണ്ട് തന്നെ ചേച്ചിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാറില്ല .

ഈ വിവരം നമ്മുടെ ആരോഗ്യ മന്ത്രി അറിഞ്ഞു എന്നത് എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. അത് പോരാഞ്ഞിട്ട് മാനന്തവാടി വഴി രാത്രി കടന്നു പോകുന്ന സമയത്ത് അവരെ വീട്ടില്‍ ചെന്ന് കാണാനും തയ്യാറാവുക എന്നത് സ്‌നേഹത്തിന്റെ കരുതലിന്റെ ഒരു മാതൃക തന്നെയാണ്.
ടീച്ചര്‍ എത്തുന്നതിന് മുമ്പേ ഒന്ന് സരസ്വതി യേച്ചിയുടെ വീട് വരെ പോയി. വണ്ടി വീടിന്റെ മുറ്റത്ത് എത്തില്ല. ഒരു ഇടവഴിയിലൂടെ നടക്കണം. നല്ല ചളിയുണ്ട്. വഴുക്കലുണ്ട്. മഴ നന്നായി പെയ്യുന്നുണ്ട്. സരസ്വതി ചേച്ചിയോട് ടീച്ചര്‍ വരുന്ന കാര്യത്തെ പറ്റി പറഞ്ഞു. ചേച്ചി പറഞ്ഞത് വഴിയും കാലാവസ്ഥയും മോശമല്ലേ രാജേഷേ എന്നായിരുന്നു. ടീച്ചര്‍ക്ക് ബുദ്ധിമുട്ടാകും. ഇത്രയും തിരക്കുള്ള ഒരാളെ എന്തിനാ നമ്മള്‍ ബുദ്ധിമുട്ടിക്കുന്നത്. സരസ്വതി ചേച്ചിയുടെ ഭര്‍ത്താവ് ചന്ദ്രേട്ടനും ഇത അഭിപ്രായം. ഞാന്‍ ഇത് പറയാം എന്ന് പറഞ്ഞ് അവിടെ നിന്നും തിരികെ പോന്നു.

മാനന്തവാടി ടൗണിലെത്തി പ്രമോദേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. നല്ല മഴയാണ്. അവരുടെ വീട്ടിലേക്കുള്ള വഴി മോശമാണ്. ടീച്ചര്‍ക്ക് ബുദ്ധിമുട്ടാകും. നാളെ പകല്‍ പോയാല്‍ പോരേ എന്ന് ചോദിച്ചു. പ്രമോദേട്ടന്‍ ടീച്ചറോട് സംസാരിച്ചു. എന്തായാലും അവിടെ പോകണം എന്ന മറുപടിയും കിട്ടി.

ഞാന്‍ ഗാന്ധി പാര്‍ക്കില്‍ കാത്തു നിന്നു. രാത്രി 9 മണി ആയപ്പോഴേക്കും ടീച്ചറുടെ വാഹനം എത്തി. നേരെ സരസ്വതി യേച്ചിയുടെ വീട്ടിലേക്ക്. കനത്ത മഴ, ഇരുട്ട് ,ചളി (വയനാട്ടുകാര്‍ക്ക് വേഗം ഊഹിക്കാം അവസ്ഥ) .മൊബൈല്‍ വെളിച്ചത്തിന്റെ സഹായത്തോടെ നടത്തം. ടീച്ചറേ ശ്രദ്ധിക്കണം. വഴുക്കലുണ്ട് എന്ന് പറഞ്ഞപ്പോള്‍ സാരമില്ല മോനേ ശ്രദ്ധിക്കാം എന്ന സ്‌നേഹത്തോടെയുള്ള മറുപടി. സരസ്വതി ചേച്ചിയുടെ വീട്ടില്‍ നിന്ന് എമര്‍ജന്‍സി ലാമ്പുമായി വന്ന് ചന്ദ്രേട്ടന്‍ സഹായിച്ചു.

മോളേ എന്ന വിളിയോടെ ആണ് ടീച്ചര്‍ അവരുടെ വീട്ടിലേക്ക് കയറിയത്. പിന്നാലെ അവരെ ചേര്‍ത്ത് പിടിച്ചു. വിശേഷങ്ങളെല്ലാം തിരക്കി. വിഷമങ്ങളെല്ലാം കേട്ടു .കൂടെ ഉണ്ടായിരുന്ന വയനാട് ഡി.എം.ഒ ,ഡോ : രേണുക, ഡോ: ബിജോയ്, എല്ലാവരും ചേര്‍ന്ന് സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്തു. മുക്കാല്‍ മണിക്കൂറോളം ടീച്ചര്‍ സരസ്വതി യേച്ചിയെ കേട്ടു . ടീച്ചറെ കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്താണ് അവിടെ നിന്നും മടങ്ങിയത്.

ഒരു രോഗാവസ്ഥയിലുള്ള ആള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഒരു പക്ഷേ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ,കരുതലിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും ഒക്കെ സുഗന്ധം പേറുന്ന ഒരു തലോടല്‍ മാത്രമായിരിക്കും. ഒരു സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മന്ത്രി തന്നെ ഇത്തരം മാതൃകകള്‍ സൃഷ്ടിക്കുന്ന സമയത്ത് നമുക്കെങ്ങനെ ഈ നാട്ടില്‍ നിന്ന് മാറി നില്‍ക്കാനാകും.

ടീച്ചര്‍ എന്തെല്ലാമാണ് എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ഒന്ന് വ്യക്തമായി പറയാം മലയാളിക്കു മേല്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന സ്‌നേഹത്തിന്റെ കരുതലിന്റെ ഉറവ വറ്റാത്ത പ്രതീകമാണ് അവര്‍. മുന്നോട്ടുള്ള യാത്രയില്‍ ഷൈലജ ടീച്ചര്‍ ഇനിയും കേരളമാകെ ആരോഗ്യ മേഖലയില്‍ തണല്‍ വിരിച്ചു കൊണ്ടേയിരിക്കും......... തീര്‍ച്ച'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com