'ഇപ്പറയുന്ന ഓമനക്കുട്ടന്മാരേ പാര്‍ട്ടിക്കൊപ്പം കാണൂ, മാധ്യമങ്ങള്‍ കാണില്ല എന്ന് പിണറായിക്ക് അറിയാം'
By സമകാലികമലയാളം ഡെസ്‌ക് | Published: 17th August 2019 03:00 PM |
Last Updated: 17th August 2019 03:00 PM | A+A A- |

കൊച്ചി: ചേര്‍ത്തല കണ്ണിക്കാട്ടെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയത് നല്ല ഉദ്ദേശ്യത്തോടെയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് സമൂഹം. സാഹചര്യത്തിന് അനുസൃതമായാണ് ഓമനക്കുട്ടന്‍ അങ്ങനെ പ്രവര്‍ത്തിച്ചതെന്ന് റവന്യൂവകുപ്പിന് ബോധ്യമാകുകയായിരുന്നു. എന്നാല്‍ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ മന്ത്രി ജി സുധാകരന്‍ കൈക്കൊണ്ട രീതിയെ വിമര്‍ശിക്കുകയാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.
'ഓമനക്കുട്ടന്‍ സംഭവത്തില്‍ ഓടിയെത്തിയ മന്ത്രി സുധാകരന്റെ വേവലാതി, 'അയാള്‍ പാര്‍ട്ടിയെ നാറ്റിച്ചില്ലേ' എന്നാണ്. പാര്‍ട്ടിയിലെ സ്വന്തം സഖാവിനെക്കാളും, ക്യാമ്പിലെ മറ്റു സഖാക്കളെക്കാളും സുധാകരന്‍ മന്ത്രിക്ക് വിശ്വാസം ഏതോ മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്തയെ ആയിരുന്നു. ഓമനക്കുട്ടനോട് നീതിയാണോ അനീതിയാണോ ചെയ്യുന്നത് എന്നൊന്നും സൂക്ഷ്മമായി ആലോചിക്കാന്‍ നില്‍ക്കാതെ സുധാകരന്‍ പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു പാര്‍ട്ടിനിലപാട് എടുത്തു.'- ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ആ സ്ഥാനത്ത് പിണറായി വിജയന്‍ ആയിരുന്നെങ്കിലോ? മാധ്യമങ്ങള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും ആ സഖാവിനെ വിളിച്ചു വിശദീകരണം ചോദിക്കും. ഓമനക്കുട്ടനും ക്യാമ്പ് അംഗങ്ങളും ലോക്കല്‍കമ്മിറ്റിയും പറയുന്നത് കേള്‍ക്കും. അത് ബോധ്യമുണ്ടെങ്കില്‍ ഒരു നടപടിയും ഉണ്ടാവില്ല. ഇന്ന് ഒരു ഓമനക്കുട്ടനെ പുറത്താക്കി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ തുനിഞ്ഞാല്‍ നാളെ മറ്റൊരു ഓമനക്കുട്ടനുമായി പാര്‍ട്ടിയെ നാറ്റിക്കാന്‍ മാധ്യമങ്ങള്‍ വരുമെന്ന് പിണറായിയ്ക്ക് അറിയാം. ഇപ്പറയുന്ന ഓമനക്കുട്ടന്മാരേ എന്നും പാര്‍ട്ടിക്കൊപ്പം കാണൂ, മാധ്യമങ്ങള്‍ കാണില്ല എന്നും അങ്ങേര്‍ക്കറിയാം.'- ഹരീഷ് വാസുദേവന്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
മാധ്യമങ്ങളും CPIM ഉം.
ഓമനക്കുട്ടന്‍ സംഭവത്തില്‍ ഓടിയെത്തിയ മന്ത്രി സുധാകരന്റെ വേവലാതി, 'അയാള്‍ പാര്‍ട്ടിയെ നാറ്റിച്ചില്ലേ' എന്നാണ്.
'ഇവിടാര്‍ക്കും പരാതിയില്ല സഖാവേ' എന്നുപറയുന്ന ആളിനോട് മന്ത്രി കയര്‍ക്കുന്നു. 'പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലേ. പത്രക്കാര്‍ അവരുടെ പണിയല്ലേ ചെയ്തത്. നിങ്ങള്‍ അയാളെ ന്യായീകരിക്കുകയാണോ? ലോക്കല്‍ കമ്മിറ്റി കൂടി തീരുമാനിച്ചിട്ടാണോ അയാള്‍ പണം പിരിച്ചത്. പാര്‍ട്ടി എന്ത് തെറ്റു ചെയ്തു?' ചെയ്യാത്ത തെറ്റിനു മാധ്യമങ്ങളില്‍ പാര്‍ട്ടി പഴി കേള്‍ക്കേണ്ടി വന്നതിന്റെ വിഷമമാണ് മന്ത്രി സുധാകരന്‍ പറഞ്ഞത്.
പാര്‍ട്ടിയിലെ സ്വന്തം സഖാവിനെക്കാളും, ക്യാമ്പിലെ മറ്റു സഖാക്കളെക്കാളും സുധാകരന്‍ മന്ത്രിക്ക് വിശ്വാസം ഏതോ മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്തയെ ആയിരുന്നു. പാര്‍ട്ടിയുടെ ഇമേജിന് കോട്ടം തട്ടരുത്. ഓമനക്കുട്ടനോട് നീതിയാണോ അനീതിയാണോ ചെയ്യുന്നത് എന്നൊന്നും സൂക്ഷ്മമായി ആലോചിക്കാന്‍ നില്‍ക്കാതെ സുധാകരന്‍ പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു പാര്‍ട്ടിനിലപാട് എടുത്തു.
അതൊരു രീതി.
ആ സ്ഥാനത്ത് പിണറായി വിജയന്‍ ആയിരുന്നെങ്കിലോ? മാധ്യമങ്ങള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും ആ സഖാവിനെ വിളിച്ചു വിശദീകരണം ചോദിക്കും. ഓമനക്കുട്ടനും ക്യാമ്പ് അംഗങ്ങളും ലോക്കല്‍കമ്മിറ്റിയും പറയുന്നത് കേള്‍ക്കും. അത് ബോധ്യമുണ്ടെങ്കില്‍ ഒരു നടപടിയും ഉണ്ടാവില്ല. പുറത്തിറങ്ങുമ്പോള്‍ മാധ്യമങ്ങള്‍ ചോദിച്ചാല്‍ 'പാര്‍ട്ടി ഇക്കാര്യം പരിശോധിച്ചു. ഓമനക്കുട്ടന്‍ തെറ്റു ചെയ്തിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്. അതുകൊണ്ട് സര്‍ക്കാര്‍ കേസ് പിന്‍വലിക്കും' എന്നു ഒട്ടും കൂസാതെ മറുപടി പറയും. ഇന്ന് ഒരു ഓമനക്കുട്ടനെ പുറത്താക്കി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ തുനിഞ്ഞാല്‍ നാളെ മറ്റൊരു ഓമനക്കുട്ടനുമായി പാര്‍ട്ടിയെ നാറ്റിക്കാന്‍ മാധ്യമങ്ങള്‍ വരുമെന്ന് പിണറായിക്ക് അറിയാം. ഇപ്പറയുന്ന ഓമനക്കുട്ടന്മാരേ എന്നും പാര്‍ട്ടിക്കൊപ്പം കാണൂ, മാധ്യമങ്ങള്‍ കാണില്ല എന്നും അങ്ങേര്‍ക്കറിയാം.
ഒരു ചാനലിലെങ്കിലും അന്ന് വൈകിട്ട് ചര്‍ച്ച, 'പിണറായിക്ക് ധാര്‍ഷ്ട്യമോ' എന്നാവും.
ആരെയും താരതമ്യപ്പെടുത്തിയതല്ല. ആരെയും പ്രകീര്‍ത്തിച്ചതല്ല.
എന്തുകൊണ്ട് ചിലര്‍ ഇങ്ങനെയാകുന്നു എന്നു തോന്നിയത് പങ്കുവെച്ചതാണ്.
ഇതിന്റെ പേരില്‍ കമ്മിപ്പട്ടവുമായി വരുന്നവര്‍ക്ക് സുസ്വാഗതം.