പി കെ രാഗേഷ് യുഡിഎഫിനൊപ്പം ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണിക്ക് നഷ്ടമായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2019 02:29 PM |
Last Updated: 17th August 2019 02:30 PM | A+A A- |
കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണിക്ക് നഷ്ടമായി. മേയര്‍ ഇ പി ലതക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പിന്തുണച്ചതോടെയാണ് നാലു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം നഷ്ടമായത്. 26 നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസ്സായത്.
യുഡിഎഫ് വിമതനായ പി കെ രാഗേഷിന്റെ പിന്‍ബലത്തിലായിരുന്നു ഇടതുമുന്നണി കണ്ണൂര്‍ ഭരണം നേടിയത്. കുട്ടികൃഷ്ണന്‍ എന്ന കൗണ്‍സിലറുടെ മരണത്തോടെ ഒരു എൽഡിഎഫ് അംഗത്തിന്റെ കുറവുമുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായി ഉടക്കിയാണ് പി കെ രാഗേഷ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതനായി മല്‍സരിച്ചത്.
എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പോടെ, കെ സുധാകരന്‍ പി കെ രാഗേഷുമായി അടുത്തിരുന്നു. ഇത്തവണ കെ സുധാകരനാണ് രാഗേഷുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. രാഗേഷിന് പുറമെ രണ്ട് ഇടത് അംഗങ്ങളും യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഒന്നും കൂറുമാറിയിട്ടില്ല എന്നത് എല്‍ഡിഎഫിന് ആശ്വാസമാണ്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 27-27 എന്ന നിലയിലായിരുന്നു എല്‍ഡിഎഫും യുഡിഎഫും വിജയിച്ചത്. ഇതോടെ വിമതനായ പി കെ രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചടക്കിയത്. നിലവിലെ സൂചനകള്‍ അനുസരിച്ച് ആദ്യ ആറുമാസം കോണ്‍ഗ്രസും അവശേഷിക്കുന്ന ആറുമാസം മുസ്ലിം ലീഗും മേയര്‍ പദവി പങ്കിടും. പി കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തുടരുമെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിട്ടുണ്ട്.