പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിക്കുന്നതിനിടെ മരിച്ച റസാഖിന്റെ കുടുംബത്തിന് സാന്ത്വനവുമായി മോഹന്‍ലാല്‍ ; കുട്ടികളുടെ പഠനചെലവ് ഏറ്റെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2019 03:39 PM |
Last Updated: 17th August 2019 03:39 PM | A+A A- |
തിരുവനന്തപുരം : പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി നടന്‍ മോഹന്‍ലാല്‍. ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് സഹായവുമായി രംഗത്തെത്തിയത്.
മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും സംഘവും അബ്ദുല്‍ റസാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു.
അബ്ദുള്‍ റസാഖിന്റെ പതിനൊന്നാം കഌസ്സിലും ഒന്‍പതാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടര്‍ വിദ്യാഭ്യാസചിലവുകള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്നും മേജര്‍ രവി അറിയിച്ചു.
റസാഖിന്റെ കുട്ടികളെ മോഹന്‍ലാല്‍ ഫോണിലൂടെ വിളിച്ചു സ്വാന്തനിപ്പിക്കുകയും ചെയ്തു. പ്രളയത്തില്‍ വിടപറഞ്ഞ ലിനുവിന്റെ കുടുംബത്തിനും സഹായവുമായി മോഹന്‍ലാല്‍ എത്തിയിരുന്നു.