യുഎഇ യാത്രയ്ക്കൊരുങ്ങി നൗഷാദും കുടുംബവും; പുതിയ കട തിങ്കളാഴ്ച മുതൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2019 07:07 AM |
Last Updated: 17th August 2019 07:07 AM | A+A A- |

കൊച്ചി: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന തന്റെ കടയിലെ വസ്ത്രമെല്ലാം നൽകിയ നൗഷാദിന് യുഎഇ സന്ദർശനത്തിന് ക്ഷണം. പയ്യന്നൂർ സ്വദേശിയായ അഫി അഹ്മദാണ് നൗഷാദിനും കുടുംബത്തിനും ഗൾഫ് യാത്ര സാധ്യമാക്കുന്നത്. സ്മാർട്ട് ട്രാവൽസ് എന്ന കമ്പനിയുടെ ഉടമയായ അഫി രണ്ടാഴ്ചത്തെ സന്ദർശനത്തിനായാണ് ഇവരെ യുഎഇയിലേക്ക് കൊണ്ടുപോവുന്നത്. ഗൾഫ്നാട്ടിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ ദുരിതബാധിതരിലേക്ക് എത്തിക്കാൻ ലക്ഷമിട്ടാണ് യാത്ര.
രണ്ടു മാസം മുൻപ് വാടകയ്ക്കെടുത്ത ബ്രോഡ്വേ അപ്സരയിലെ കടമുറിയിലായിരിക്കും നൗഷാദ് തിങ്കളാഴ്ച മുതൽ കച്ചവടം നടത്തുക. ’നൗഷാദ് ഇക്കാന്റെ കട’ എന്നാണ് പുതിയ കടയുടെ പേര്. ഇവിടെ നിന്ന് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ വാങ്ങി പ്രളയ ദുരിതബാധിതർക്ക് കൈമാറുമെന്നും അഫി അറിയിച്ചു. ഇതിൽനിന്നുള്ള ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് നൗഷാദിന്റെ തീരുമാനം.
ഒരു ലക്ഷം രൂപ പാരിതോഷികവും ഗൾഫ് സന്ദർശനവും വാഗ്ദാനം ചെയ്തപ്പോൾ ആദ്യം അത് നിരസിച്ച നൗഷാദ് പിന്നീട് ദുരിതബാധിതരെ സഹായിക്കാമെന്ന് അറിഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു. ഇങ്ങനെയാണ് പുതുതായി തുറക്കാനിരിക്കുന്ന കടയിൽനിന്ന് ഒരു ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങാം എന്ന തീരുമാനത്തിലേക്കെത്തിയത്.