'ഓമനക്കുട്ടന്റെ പാര്‍ട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ'; 'അത്മനിന്ദയാല്‍ നീറി' മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്; വൈറല്‍

ചോര മണത്ത ചാനലുകള്‍ വെണ്ടയ്ക്കാ ഉരുട്ടിയതോടെ ഒരു ഞരക്കത്തിനുപോലും പഴുതില്ലാതെ ഓമനക്കുട്ടന്‍ കുഴങ്ങി
'ഓമനക്കുട്ടന്റെ പാര്‍ട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ'; 'അത്മനിന്ദയാല്‍ നീറി' മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്; വൈറല്‍


ചേര്‍ത്തല: ദുരിതാശ്വസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയതിന് കുറുപ്പന്‍ കുളങ്ങര ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ സിപിഎം സസ്‌പെന്റ് ചെയ്തതിനെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. ഓമനക്കുട്ടന്‍ കണ്ണികാട് അംബേദ്കര്‍ കമ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ കഴിയുന്ന അഭയാര്‍ത്ഥിയാണ്,ഓട്ടോക്കൂലി കൊടുക്കാന്‍ എഴുപത്തഞ്ചുരൂപ പിരിച്ചു എന്നതും നേരാണ്,നിയമത്തിനുമുന്നില്‍ വഞ്ചകനാണ്.പക്ഷേ എത്രയോ ഗുരുതരമായ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത ഓമനക്കുട്ടന്റെ പാര്‍ട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേയെന്ന് ഹര്‍ഷന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിരിവ് എടുത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാമ്പിലാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. കണ്‍വീനര്‍ എന്ന നിലയില്‍ പോരായ്മകള്‍ റവന്യു ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താതെ സ്വന്തം നിലയില്‍ പണം പിരിച്ചത് ജാഗ്രതക്കുറവാണെന്ന് വിലയിരുത്തിയാണ് സി.പി.എം നടപടി സ്വീകരിച്ചിരുന്നത്.ഓമനക്കുട്ടന്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

പോസ്റ്റിന്റെ പൂര്‍ണരൂപം

ചേര്‍ത്തല കണ്ണികാട്ടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് അംബേദ്കറുടെ പേരിലുള്ള ഒരു കമ്യൂണിറ്റി ഹാളിലാണ്. ഇപ്പോഴും കറണ്ടില്ലാത്ത ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലെ അഭയാര്‍ത്ഥികള്‍ ഏതാണ്ട് മുഴുവനായും പട്ടികജാതിക്കാരാണ്.
തവള തുടിച്ചാല്‍ വെള്ളപ്പൊക്കത്തിലായിപ്പോകുന്ന പരിമിത സാഹചര്യത്തില്‍ ജീവിക്കുന്നവരായതുകൊണ്ട് ഓരോ മഴയത്തും അഭയാര്‍ത്ഥികളാവേണ്ടിവരുന്നവരാണ് അവരെല്ലാം.അവിടത്തെ അന്തേവാസികളിലൊരാളാണ് ഓമനക്കുട്ടന്‍.അയാള്‍ പൊതുപ്രവര്‍ത്തകനാണ്,സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗമാണ്.

ഇന്ന് ഓമനക്കുട്ടന്‍ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തപ്പെട്ട കേസിലെ പ്രതിയാണ്.പാര്‍ട്ടി ഓമനക്കുട്ടനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.ഓമനക്കുട്ടന്റെ നേതാവ് പരസ്യമായി അയാളെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്.

ഓമനക്കുട്ടന്‍ ചെയ്ത കുറ്റം അയാള്‍ കൂടി അഭയാര്‍ത്ഥിയായ ദുരിതാശ്വാസ ക്യാമ്പില്‍ അരിയെത്തിക്കാന്‍ പിരിവ് നടത്തി എന്നതാണ്.
ഓമനക്കുട്ടന്‍ ക്യാമ്പില്‍ പിരിവുനടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ചാനലുകള്‍ വാര്‍ത്തയാക്കുകയായിരുന്നു.

'സിപിഐഎം പ്രാദേശിക നേതാവ് അഭയാര്‍ത്ഥി ക്യാമ്പില്‍ പിരിവ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്' എന്നായിരുന്നു വാര്‍ത്ത.
വാര്‍ത്ത ബ്രേക്കിങ്ങായും ഹെഡ്‌ലൈനായുമൊക്കെത്തന്നെ പോയി.
വാര്‍ത്ത കത്തി,മന്ത്രി ജിസുധാകരന്‍ കണ്ണികാട് ക്യാമ്പില്‍ നേരിട്ടെത്തി ഓമനക്കുട്ടനെ തള്ളിപ്പറഞ്ഞു.പോലീസ് കേസെടുത്തു.

അംബേദ്കര്‍ കമ്യൂണിറ്റി ഹാളിലെ ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് ചേര്‍ത്തല സൗത്ത് വില്ലേജോഫീസ് അധികൃതരാണ്.പക്ഷേ അതുണ്ടാവാറില്ല.
ക്യാമ്പില്‍ അരി തീരുമ്പോള്‍ അഭയാര്‍ത്ഥികള്‍ വില്ലേജോഫീസിലെത്തും.വില്ലേജോഫീസര്‍ സ്ലിപ്പ് കൊടുക്കും അതുകൊടുത്ത് അരിവാങ്ങി അഭയാര്‍ത്ഥികള്‍ തന്നെ ക്യാമ്പിലെത്തിക്കും.
ഇതാണ് പതിവ്.ഇത്തവണയും അരി തീര്‍ന്നപ്പോള്‍ ക്യാമ്പംഗമായ ഓമനക്കുട്ടന്‍ പോയി അരി വാങ്ങിക്കൊണ്ടുവന്നു.പക്ഷേ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല.ഓട്ടോക്കാരനെ പറഞ്ഞുവിടാന്‍ എഴുപത്തഞ്ചുരൂപാ പലരില്‍നിന്നായി വാങ്ങുന്നതുകണ്ട ഏതോ ദുഷ്ടബുദ്ധിയാണ് ആ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.ചോര മണത്ത ചാനലുകള്‍ വെണ്ടയ്ക്കാ ഉരുട്ടിയതോടെ ഒരു ഞരക്കത്തിനുപോലും പഴുതില്ലാതെ ഓമനക്കുട്ടന്‍ കുഴങ്ങി.കള്ളനെന്ന മാധ്യമങ്ങളുടെ വിളിയും സ്വന്തം പാര്‍ട്ടിയെടുത്ത നടപടിയും പോലീസെടുത്ത കേസുമുണ്ടാക്കിയ സങ്കടം മറികടക്കാന്‍ പിന്നെയും പിന്നെയും ബീഡി വലിച്ചുതള്ളി.കണ്ണികാട്ടെ ക്യാമ്പില്‍ ജി സുധാകരനെത്തിയപ്പോള്‍ കണ്‍വെട്ടത്തുപെടാതെ ക്യാമ്പിനു പിന്നില്‍ ഒളിച്ചുനിന്നു.

ഇതൊക്കെയാണ് ...
അല്ലെങ്കില്‍ ഇതുമാത്രമാണ് ഓമനക്കുട്ടന് സംഭവിച്ചത്.


മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആത്മനിന്ദയാല്‍ നീറുന്നതുകൊണ്ടും...
വലിയൊരു വാര്‍ത്തയായിരുന്നു 'അത്' എന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുണ്ട് എന്ന് തിരിച്ചറിയുന്നതുകൊണ്ടും...
ഒരു പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകനായി മനുഷ്യര്‍ക്കിടയില്‍ ജീവിച്ചിട്ടുള്ളതുകൊണ്ടുമാണ് ഇത്രയുമെഴുതിയത്.ഓമനക്കുട്ടന്റെ നിസ്സഹായാവസ്ഥ ഉറക്കം കെടുത്തുന്നുണ്ട്.
.......................................................................
ഓമനക്കുട്ടന്‍ കണ്ണികാട് അംബേദ്കര്‍ കമ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ കഴിയുന്ന അഭയാര്‍ത്ഥിയാണ്,ഓട്ടോക്കൂലി കൊടുക്കാന്‍ എഴുപത്തഞ്ചുരൂപ പിരിച്ചു എന്നതും നേരാണ്,നിയമത്തിനുമുന്നില്‍ വഞ്ചകനാണ്.
പക്ഷേ എത്രയോ ഗുരുതരമായ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത ഓമനക്കുട്ടന്റെ പാര്‍ട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ!.

#ഓമനക്കുട്ടന്‍കള്ളനല്ല
#അന്തസ്സുള്ളപൊതുപ്രവര്‍ത്തകനാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com