പിഴവ് തിരുത്തി സിപിഎം; ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ദുരിതാശ്വാസ ക്യാമ്പ് നടത്തിക്കൊണ്ടുപോകുന്നതിന് പണപ്പിരിവ് നടത്തിയ സംഭവത്തില്‍  ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ സ്വീകരിച്ച നടപടി സിപിഎം പിന്‍വലിച്ചു
പിഴവ് തിരുത്തി സിപിഎം; ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പ് നടത്തിക്കൊണ്ടുപോകുന്നതിന് പണപ്പിരിവ് നടത്തിയ സംഭവത്തില്‍  ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ സ്വീകരിച്ച നടപടി സിപിഎം പിന്‍വലിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഓമനക്കുട്ടനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് പിന്‍വലിച്ചതായി ആലപ്പുഴ ജില്ലാ സെക്രട്ടറി അറിയിച്ചു. 

ചേര്‍ത്തല കണ്ണിക്കാട്ടെ ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു. ക്യാമ്പില്‍ കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ മതിയായിരുന്നു. പകരം പിരിവ് നടത്തേണ്ടിയിരുന്നില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. എങ്കിലും നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും സംഭവത്തില്‍ ഓമനക്കുട്ടന്‍ തന്നെ ഖേദം പ്രകടിപ്പിച്ചത് കണക്കിലെടുത്തുമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

പണപ്പിരിവ് വിവാദമായ പശ്ചാത്തലത്തില്‍ സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെ ഇന്നലെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയില്‍ ഓമനക്കുട്ടനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സിവില്‍ സപ്ലൈസില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനുള്ള വണ്ടി വാടകയായി പണം നല്‍കണം എന്നാവശ്യപ്പെട്ടാണ് ഓമനക്കുട്ടന്‍ ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതരില്‍ നിന്നും പണം പിരിച്ചത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നതെന്നും ഇതിനും ക്യാമ്പില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നും  ഇയാള്‍ ആവശ്യപ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ തികച്ചും നല്ല ഉദ്ദേശ്യത്തോടെയും സാഹചര്യത്തിന് അനുസൃതമായുമാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഓമനക്കുട്ടനെതിരെയുളള  നടപടി സിപിഎം പിന്‍വലിക്കുകയായിരുന്നു. നല്ല ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലും റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമാണ് വീഴ്ചയുണ്ടായത് എന്ന് തിരിച്ചറിഞ്ഞതിന്റെയും അടിസ്ഥാനത്തിലും ഓമനക്കുട്ടനെതിരെയുളള എല്ലാ പൊലീസ് നടപടികളും അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനേറ്റ ക്ഷതങ്ങളില്‍ ഖേദിക്കുന്നതായും വേണു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേരാണ് ഓമനക്കുട്ടനെ അനുകൂലിച്ച് രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com