ഞാന്‍ സിപിഎമ്മുകാരന്‍, അഭിമാനം, പാര്‍ട്ടി എടുത്തത് ശരിയായ നടപടിയെന്ന് ഓമനക്കുട്ടന്‍

ഞാന്‍ സിപിഎമ്മുകാരന്‍, അഭിമാനം, പാര്‍ട്ടി എടുത്തത് ശരിയായ നടപടിയെന്ന് ഓമനക്കുട്ടന്‍

ഇത് ഓമനക്കുട്ടന്‍ എന്ന വ്യക്തിക്കെതിരെയുള്ള ആക്ഷേപമല്ല, സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ലക്ഷ്യമിട്ടത്

ആലപ്പുഴ : തന്റെ സത്യസന്ധത സര്‍ക്കാര്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന്, ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് നടപടി നേരിട്ട സിപിഎം പ്രവര്‍ത്തകന്‍ ഓമനക്കുട്ടന്‍ പറഞ്ഞു. റവന്യൂ സെക്രട്ടറി ക്ഷമാപണം നടത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു, പൊലീസിന് റിപ്പോര്‍ട്ട് നല്‍കി എന്നതിനേക്കാള്‍ സര്‍ക്കാര്‍ തന്റെ പ്രവൃത്തിയുടെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞതിലാണ് സന്തോഷം. തനിക്കൈതിരെ പാര്‍ട്ടി സ്വീകരിച്ച നടപടിയെയും ഓമനക്കുട്ടന്‍ ന്യായീകരിച്ചു. 

പാര്‍ട്ടി കറക്ടായ ലെവലിലൂടെയാണ് പോയത്. ഇങ്ങനെ ഒരു ആക്ഷേപം വന്നാല്‍ ഉടന്‍ നടപടി സ്വീകരിക്കുന്ന വേറെ ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ടെന്ന് ഓമനക്കുട്ടന്‍ ചോദിച്ചു. താന്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ആക്ഷേപം ഉയര്‍ന്നുവന്നത്. ഇത് ഓമനക്കുട്ടന്‍ എന്ന വ്യക്തിക്കെതിരെയുള്ള ആക്ഷേപമല്ല, സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. 

എന്റെ സത്യസന്ധത സര്‍ക്കാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജനങ്ങളും അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ നടപടികള്‍. ഈ ദുരിതാശ്വാസ ക്യാമ്പിലെ ഒരു അന്തേവാസിയാണ് ഞാന്‍. എന്റെ കുടുംബവും ക്യാമ്പിലുണ്ട്. ഇവരുടെ ഇടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണ് താന്‍. എന്റെ കൂടെ ഉള്ളവരാരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഞാന്‍ സുതാര്യനായ വ്യക്തിയാണ്. ഓപ്പണായാണ് എല്ലാം ചെയ്തത്. വീഡിയോ പകര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഓമനക്കുട്ടന്‍ പറഞ്ഞു.

ക്യാമ്പില്‍ ദിവസങ്ങളായി കറന്റും വെള്ളവുമില്ലായിരുന്നു. പണപ്പിരിവ് വാര്‍ത്ത വന്ന ശേഷമാണ് കറന്റും വെള്ളവും എത്തിയത്. ഇന്നലെ ആരോപണങ്ങള്‍ വന്നശേഷമാണ് ഇതെല്ലാം ശരിയായത്. പഞ്ചായത്ത് അധികൃതര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ആക്ഷേപം നല്‍കിയിരുന്നു. മറ്റ് ഉദ്യോഗസ്ഥരോടും പറഞ്ഞിരുന്നു. ക്യാമ്പില്‍ ഇന്നലെയാണ് 24 മണിക്കൂറും ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നതെന്നും ഓമനക്കുട്ടന്‍ പറഞ്ഞു. 

ആക്ഷേപം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി തനിക്കെതിരെ എടുത്ത നടപടി താന്‍ സ്വീകരിക്കുന്നു. അതേപോലെ, താന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കാനുള്ള തീരുമാനത്തെയും സ്വീകരിക്കുന്നു. ക്യാമ്പില്‍ പാചകവാതകം എത്തിച്ചതിന് ഓട്ടോയ്ക്ക് കൊടുക്കാന്‍ 70 രൂപ പിരിച്ച നടപടിയാണ് വന്‍ വാര്‍ത്തയായത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കളക്ടര്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com