'ബാഗിലെന്താ ബോംബുണ്ടോ' യെന്ന് ചോദ്യം; പുലിവാല് പിടിച്ചു യാത്രക്കാരൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2019 09:58 AM |
Last Updated: 17th August 2019 10:38 AM | A+A A- |

കൊച്ചി: ജീവനക്കാരോടു തർക്കിക്കുന്നതിനിടെ തന്റെ ബാഗിൽ ബോംബുണ്ടോയെന്ന് ചോദിച്ച യാത്രക്കാരൻ വെട്ടിൽ. സ്വാതന്ത്ര്യദിനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിലേക്കു പോകാനെത്തിയ യാത്രക്കാരനാണ് ഒറ്റ ചോദ്യം കൊണ്ട് പുലിവാല് പിടിച്ചത്. ചാലക്കുടി വല്ലത്തുപറമ്പിൽ രവി നാരായണൻ (61) എന്നയാളാണ് തുടർച്ചയായ പരിശോധനയിൽ മനംമടുത്ത് ഉദ്യോഗസ്ഥരോട് കയർത്തത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കർശന പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ കയറ്റിവിട്ടിരുന്നത്. സാധാരണ പരിശോധനയ്ക്കു പുറമെ വിമാനത്തിൽ കയറുന്നതിനു മുൻപും ബാഗുകൾ അടക്കം വിശദമായി പരിശോധിച്ചു. ഇതിനിടയിലാണ് രവി നാരായണൻ ജീവനക്കാർക്ക് നേരെ ദേഷ്യപ്പെട്ടത്. ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ’ എന്നായിരുന്നു ചോദ്യം. ഇതു കേട്ടയുടൻ ജീവനക്കാർ സുരക്ഷാവിഭാഗമായ സിഐഎസ്എഫിനെ വിവരം അറിയിച്ചു.
വ്യോമസുരക്ഷയെ ബാധിക്കുമെന്നതിനാൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി ബാഗിൽ ബോംബ് ഇല്ലെന്ന് ഉറപ്പാക്കി. ചെക്കിൻ ബാഗ് ഇല്ലാതെയാണ് ഇയാൾ യാത്രയ്ക്കെത്തിയത് എന്ന് കണ്ടെത്തിയതോടെ ഇയാളുടെ യാത്ര വിമാനക്കമ്പനി തടഞ്ഞു. നെടുമ്പാശേരി പൊലീസിനു കൈമാറിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.