മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; ആശ്വാസം; മത്സ്യ ബന്ധനത്തിന് പോകാന്‍ തടസമില്ല

സംസ്ഥാനത്ത് മഴയ്ക്ക് ശമനമായതോടെ അടുത്ത ദിവസങ്ങളിലേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു
മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; ആശ്വാസം; മത്സ്യ ബന്ധനത്തിന് പോകാന്‍ തടസമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമായതോടെ അടുത്ത ദിവസങ്ങളിലേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. മത്സ്യ ബന്ധനത്തിനു പോകാനും തടസമില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാവിലെ എട്ട് വരെയുള്ള കണക്കു പ്രകാരം ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 29.6 മില്ലി മീറ്റര്‍.

നിലമ്പൂര്‍ കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ എട്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 38 ആയി. 21 പേരെ ഇനിയും കണ്ടെത്താനുണ്ട്. വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടി കാണാതായ ഏഴ് പേരെക്കുറിച്ച് ഇന്നലെയും വിവരമില്ല. തൃശൂര്‍ ജില്ലയില്‍ രണ്ട് പേരും കോട്ടയം ജില്ലയില്‍ ഒരാളും മരിച്ചതോടെ മഴക്കെടുതികളില്‍ ആകെ മരണം 116 ആയി. അതേസമയം, 111 പേരുടെ മരണമാണു സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ നദികളിലും കുട്ടനാട്ടിലും ജലനിരപ്പു താഴുന്നു. ഇന്നലെ മഴ ശക്തമായിരുന്നില്ല. രണ്ട് ദിവസം കൊണ്ടു കുട്ടനാട്ടിലും പമ്പാ നദിയിലും അച്ചന്‍കോവിലാറ്റിലും അരയടി വരെ വെള്ളം കുറഞ്ഞു. പ്രളയ ഭീതി ഒഴിവാകുമെന്ന ആശ്വാസം എങ്ങും. തോട്ടപ്പള്ളി സ്പില്‍വേ വഴിയുള്ള ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. പൊഴിയിലെ മണ്ണു നീക്കി വീതി 300 മീറ്ററാക്കി. തൃക്കുന്നപ്പുഴ ചീപ്പ് വഴി വെള്ളം നന്നായി ഒഴുകുന്നതും തോട്ടപ്പള്ളിയില്‍ ഒഴുക്കു കുറയാന്‍ കാരണമാണ്. ജലനിരപ്പു കുറഞ്ഞു തുടങ്ങിയെങ്കിലും മഴക്കെടുതികള്‍ ചെറിയ തോതില്‍ ഇപ്പോഴും തുടരുകയാണ്. കൃഷി നാശം വ്യാപകമാണ്. കേടു പറ്റിയ വീടുകളും ഒട്ടേറെ. പല ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകള്‍ മടങ്ങിത്തുടങ്ങി.

ആലപ്പുഴ ചങ്ങനാശേരി റോഡില്‍ നിന്നു വെള്ളമിറങ്ങാത്തതിനാല്‍ ഗതാഗതം പൂര്‍ണമായി പുനരാരംഭിച്ചിട്ടില്ല. ആലപ്പുഴയില്‍ നിന്നു മങ്കൊമ്പ് വരെ ബസ് സര്‍വീസുണ്ട്. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാലേ റോഡിലെ വെള്ളം ഇറങ്ങൂ. വെള്ളം വറ്റിക്കാന്‍ മടകുത്തല്‍ ചിലയിടങ്ങളില്‍ തുടങ്ങിയിട്ടുണ്ട്.

കുട്ടനാട് താലൂക്കില്‍ പ്രൊഫഷനല്‍ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികളും ആലപ്പുഴ ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും ക്യാമ്പുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ട്. മറ്റെല്ലായിടത്തും സ്‌കൂളുകളില്‍ ഇന്നു ക്ലാസുണ്ട്. 1.4 ലക്ഷം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com