കവളപ്പാറ: 19 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍; ഇന്ന് ജിപിആര്‍ തെരച്ചില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 18th August 2019 05:21 AM |
Last Updated: 18th August 2019 05:21 AM | A+A A- |

മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ ശനിയാഴ്ച രണ്ട് മൃതദേഹം കൂടി കണ്ടെത്തി. സൂത്രത്തില്‍ വിജയന്റെ മകന്‍ വിഷ്ണു (28), കവളപ്പാറ കോളനിയിലെ പാലന്റെ മകന്‍ കാര്‍ത്തിക് (17) എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. സൈനികനായിരുന്ന വിഷ്ണു ദുരന്തത്തിന് രണ്ടാഴ്ച മുന്‍പാണ് വീട്ടിലെത്തിയത്. അച്ഛന്‍ വിജയന്റെ മൃതദേഹം കഴിഞ്ഞദിവസം കിട്ടിയിരുന്നു. ഇതോടെ കാണാതായ 59 പേരില്‍ 40 പേരുടെ മൃതദേഹം കണ്ടെടുത്തു.
കവളപ്പാറയില്‍ ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) ഉപയോഗിച്ച് തെരച്ചില്‍ ഞായറാഴ്ച നടത്തും. ഇതിനായി ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആനന്ദ് കെ പാണ്ഡെ, രത്‌നാകര്‍ ദാക്‌തെ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ സഹദേവന്‍, സീനിയര്‍ റിസര്‍ച്ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോകളായ സതീഷ് വര്‍മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് ജിപിആര്‍ ഉപകരണം ഇവരുടെ കൈയിലുണ്ട്. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍നിന്നുവരെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ഉപകരണത്തിന് സാധിക്കും. കണ്‍ട്രോള്‍ യൂണിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഭാരം.
കാലവര്‍ഷക്കെടുതിയിലെ മരണം 113 ആയി. കാണാതായ 29 പേരെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. 91 ദുരിതശ്വാസ ക്യാമ്പുകളിലായി നിലവില്‍ 1.47 ലക്ഷം പേരുണ്ട്.