എന്റെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെട്ടു;  യുവ എംഎല്‍എയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി; പെട്ടിതൂക്കി എന്ന് വിളിച്ചത് നിങ്ങളെയല്ല; ഇനി പറയാതെ വയ്യ; ബല്‍റാമിന് അക്കമിട്ട് മറുപടി പറഞ്ഞ് പിവി അന്‍വര്‍

ക്ലോക്കില്‍ രണ്ട് തവണയേ ഒരു സമയം കാണിക്കൂ.അതില്‍ തന്നെ നോക്കി ഇരിക്കാന്‍ ഇപ്പോള്‍ സമയമില്ല-ജനങ്ങള്‍ക്കൊപ്പം,അവര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്
എന്റെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെട്ടു;  യുവ എംഎല്‍എയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി; പെട്ടിതൂക്കി എന്ന് വിളിച്ചത് നിങ്ങളെയല്ല; ഇനി പറയാതെ വയ്യ; ബല്‍റാമിന് അക്കമിട്ട് മറുപടി പറഞ്ഞ് പിവി അന്‍വര്‍

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം സമൂഹമാധ്യമത്തില്‍ ഇട്ട കുറിപ്പിന് അക്കമിട്ട് മറുപടി പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ ഇപ്പോള്‍ ഒരു ഹെയ്റ്റ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.പ്രളയകാലത്ത് എന്റെ ഫേസ്ബുക്ക് പേജ് വഴി,എനിക്ക് വേണ്ടി പി.ആര്‍ വര്‍ക്ക് നടത്തി എന്നതാണ് പ്രചരണത്തിന്റെ കാതല്‍.ഒരു ഉന്നത ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ കൊഴുപ്പിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.

മറ്റുള്ളവരെ അധിക്ഷേപിക്കാനും,കുറ്റം പറയാനും,കരിവാരി തേയ്ക്കാനും മാത്രമായി ഉപയോഗിക്കാനുള്ളതല്ല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം.അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങള്‍ അത് സൂചിപ്പിച്ചു എങ്കില്‍,ഞാന്‍ അതിനൊന്നും ഉത്തരവാദിയല്ല.സ്വന്തം പാര്‍ട്ടിക്കാരന്‍ വരെ ഈ വിഷയം അദ്ദേഹത്തിന്റെ ഒരു പോസ്റ്റിലെ കമന്റില്‍ സൂചിപ്പിച്ച്,ഒപ്പം തിരിഞ്ഞ് നോക്കാത്ത അദ്ദേഹത്തിന്റെ മെസഞ്ചര്‍ സ്‌ക്രീന്‍ ഷോട്ടും പങ്ക് വച്ചത് അദ്ദേഹം വിദഗ്ദമായി മുക്കിയിട്ടുണ്ടെങ്കിലും,സ്‌ക്രീന്‍ഷോട്ട് കൈവശമുണ്ട്.മറ്റുള്ളവരുടെ തോളില്‍ കയറി കയ്യടി വാങ്ങാനുള്ളതല്ല സോഷ്യല്‍ മീഡിയ.അത് ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ പ്രയോജനപ്പെടുത്തില്ല,അങ്ങനെ ചെയ്യാനും അനുവദിക്കില്ലഎന്ന് വാശിപിടിക്കാന്‍ ഇത് അങ്ങയുടെ രാജ്യമല്ല.ഇനിയും ഇങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ കുറിച്ചു.

സ്വന്തം ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രാഷ്ട്രീയ രംഗത്തെ തെരഞ്ഞെടുക്കുകയും പണക്കൊഴുപ്പ് ഉപയോഗിച്ച് ഉന്നത നേതൃത്വത്തെ വിലക്കെടുത്ത് അധികാര പദവികള്‍ നേടിയെടുക്കുകയും ചെയ്യുന്ന മറ്റ് ചിലരുണ്ട്. അവര്‍ അധികാരവും ജനപ്രതിനിധി സഭകളിലെ അംഗത്വവുമൊക്കെ പ്രധാനമായും ഉപയോഗിക്കുന്നത് അവര്‍ക്കും അവരേപ്പോലുള്ള മറ്റ് സ്ഥാപിത താത്പര്യക്കാര്‍ക്കും വേണ്ടിയാണ്. സ്‌ക്കൂള്‍ കുട്ടികള്‍ക്കുള്ള ശാസ്ത്ര ബോധത്തേപ്പോലും പരിഹസിക്കുന്ന തരത്തിലുള്ള വിഡ്ഢിത്തവും അസംബന്ധ വാദങ്ങളുമൊക്കെ അവര്‍ കിട്ടാവുന്നിടത്തൊക്കെ ഉയര്‍ത്തുന്നതും സ്വന്തം കച്ചവട താത്പര്യങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാനാണ് എന്നായിരുന്നു ബല്‍റാമിന്റെ വാക്കുകള്‍.

പിവി അന്‍വറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഇനി പറയാതെ വയ്യ..

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി,നിലമ്പൂരിലെ പ്രളയമുഖത്താണ്.ഇവിടെ നൂറുകണക്കിന് ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്.ആയിരങ്ങള്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നു.ഇവരുടെ പുനരധിവാസം എന്ന കടമ്പയും എനിക്ക് മുന്‍പിലുണ്ട്.പ്രളയകാലത്ത്,എന്നെ വിശ്വസിച്ച് തിരഞ്ഞെടുത്ത ജനതയ്‌ക്കൊപ്പം പരമാവധി അടുത്ത് നിന്നിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ജീവിച്ചത് അവര്‍ക്ക് വേണ്ടി മാത്രം എന്ന് തന്നെ പറയും.

സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ ഇപ്പോള്‍ ഒരു ഹെയ്റ്റ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
പ്രളയകാലത്ത് എന്റെ ഫേസ്ബുക്ക് പേജ് വഴി,എനിക്ക് വേണ്ടി പി.ആര്‍ വര്‍ക്ക് നടത്തി എന്നതാണ് പ്രചരണത്തിന്റെ കാതല്‍.ഒരു ഉന്നത ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ കൊഴുപ്പിക്കുന്നത്.ആദ്യമേ തന്നെ പറയാമല്ലോ.പി.ആര്‍ വര്‍ക്ക് നടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല.ആ സമയത്ത്,ഏതെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനങ്ങളെ സഹായിക്കാം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ.നിലമ്പൂര്‍ മണ്ഡലത്തില്‍,മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകര്‍ന്നിരുന്നു.മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും പ്രവര്‍ത്തനരഹിതമായി.ബി.എസ്.എന്‍.എല്‍ സേവനം മാത്രമാണുണ്ടായിരുന്നത്.
പ്രവാസികള്‍ക്കും പുറത്തുള്ളവര്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന തരത്തില്‍,ഫേസ് ബുക്ക് പേജിനെ എങ്ങനെ ഒരു മിനികണ്‍ട്രോള്‍ റൂമായി ഉപയോഗിക്കാം എന്ന സാധ്യത വിലയിരുത്തി.അതിന്റെ ഭാഗമായി ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു.സേവന സന്നദ്ധരായ അഞ്ച് ചെറുപ്പക്കാരെ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ചുമതല ഏല്‍പ്പിച്ചു.സ്റ്റാഫുകളും ഈ അഞ്ച് പേരും ചേര്‍ന്നാണ് പേജ് വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.പ്രാദേശികമായി വിവരങ്ങള്‍ ശേഖരിക്കാന്‍,ബന്ധപ്പെടാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരുടെ നമ്പരുകള്‍ ശേഖരിച്ച്,വന്ന എന്‍ക്വയറികള്‍ക്ക് പത്ത് മിനിറ്റിനകം മറുപടി നല്‍കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിച്ചു.നൂറുകണക്കിനായ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കി.99% കൃത്യതയോടെ ആ അവസരത്തില്‍ ജനങ്ങളുടെ ആശങ്ക മാറ്റുവാനായി ഈ ഹെല്‍പ്പ് ഡെസ്‌ക്ക് പരിശ്രമിച്ചു.നല്‍കിയ വിവരങ്ങളില്‍ ഒരെണ്ണം മാത്രമാണ് കൃത്യമാകാതെ പോയത്.

ഈ അന്വേഷണങ്ങള്‍ എല്ലാം പി.ആര്‍ വര്‍ക്കിന്റെ ഭാഗമായിരുന്നു എന്ന പ്രചരണവും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.ആ കമന്റുകളില്‍ ഒന്ന് പോലും വിടാതെ,എല്ലാം ഈ പേജിലെ പോസ്റ്റുകളില്‍ തന്നെയുണ്ട്.നിങ്ങള്‍ക്ക് അവരെ ബന്ധപ്പെടാം.അന്വേഷിക്കാം.പിന്നീട് ഇന്ന് വരെ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചും നിര്‍ദ്ദേശങ്ങള്‍ കൈമാറിയും നിരവധി പോസ്റ്റുകള്‍ ഈ പേജ് വഴി ജനങ്ങളില്‍ എത്തിച്ചിട്ടുണ്ട്.എം.എല്‍.എ ഓഫീസിലെ കളക്ഷന്‍ സെന്ററില്‍ എത്തിയ സഹായങ്ങളില്‍ ഭൂരിഭാഗവും,സേവനങ്ങള്‍ക്ക് എത്തിയവരില്‍ ഭൂരിഭാഗവും,ഞങ്ങളെ ബന്ധപ്പെട്ടത് ഈ പേജിലെ പോസ്റ്റുകള്‍ പിന്തുടര്‍ന്നാണ്.നിലവിലും ഇതൊക്കെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

നവമാധ്യമം വഴിയുള്ള ഈ ഇടപെടലുകള്‍,ശ്രദ്ധിക്കപ്പെട്ടു.അതോടെ ഇരിക്കപൊറുതിയില്ലാതെ ആയത് പ്രമുഖ ഫേസ് ബുക്ക് ഉപഭോക്താവിനാണ്.അദ്ദേഹം ഈ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ അസഹിഷ്ണുത ഈ വിഷയത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
'ഞാന്‍ തന്നെയാണു പേജ് കൈകാര്യം ചെയ്യുന്നത്..'എന്നാണ് രോധനത്തിലെ പ്രധാന പോയിന്റ്.അദ്ദേഹത്തെ ഇകഴ്ത്തി കാണിക്കാനല്ല,ഈ പേജ് വഴി അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എന്ന് വിനീതമായി അറിയിക്കുന്നു.മറ്റുള്ളവരെ അധിക്ഷേപിക്കാനും,കുറ്റം പറയാനും,കരിവാരി തേയ്ക്കാനും മാത്രമായി ഉപയോഗിക്കാനുള്ളതല്ല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം.അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങള്‍ അത് സൂചിപ്പിച്ചു എങ്കില്‍,ഞാന്‍ അതിനൊന്നും ഉത്തരവാദിയല്ല.സ്വന്തം പാര്‍ട്ടിക്കാരന്‍ വരെ ഈ വിഷയം അദ്ദേഹത്തിന്റെ ഒരു പോസ്റ്റിലെ കമന്റില്‍ സൂചിപ്പിച്ച്,ഒപ്പം തിരിഞ്ഞ് നോക്കാത്ത അദ്ദേഹത്തിന്റെ മെസഞ്ചര്‍ സ്‌ക്രീന്‍ ഷോട്ടും പങ്ക് വച്ചത് അദ്ദേഹം വിദഗ്ദമായി മുക്കിയിട്ടുണ്ടെങ്കിലും,സ്‌ക്രീന്‍ഷോട്ട് കൈവശമുണ്ട്.മറ്റുള്ളവരുടെ തോളില്‍ കയറി കയ്യടി വാങ്ങാനുള്ളതല്ല സോഷ്യല്‍ മീഡിയ.
അത് ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ പ്രയോജനപ്പെടുത്തില്ല,അങ്ങനെ ചെയ്യാനും അനുവദിക്കില്ലഎന്ന് വാശിപിടിക്കാന്‍ ഇത് അങ്ങയുടെ രാജ്യമല്ല.ഇനിയും ഇങ്ങനെ തന്നെ തുടരും.

ഈ വിഷയത്തില്‍,പല കംപാരിസണ്‍ പോസ്റ്റുകളും വൈറലായി.അതിന്റെ പേരില്‍ എനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമില്ല.ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഇടപെടലുകള്‍ ഇനിയും ഉണ്ടാകും.സോഷ്യല്‍ മീഡിയയില്‍ പരദൂഷണം പറയുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല എന്ന് മുല്ലപള്ളി പറഞ്ഞത് വെറുതെയല്ല(അത് ആരെ ലക്ഷ്യമാക്കി പറഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയാം).

'പെട്ടിതൂക്കി'എന്ന വാക്ക് കണ്ട്,ഘോരഘോരം എഴുതി തള്ളി,അണികളെ കൊണ്ട് ജയ് വിളിപ്പിക്കുന്നത് തെറ്റിദ്ധരിച്ച് മാത്രമാണ്.ഞാന്‍ താങ്കളെ ഉദ്ദേശിച്ചല്ല അത് പറഞ്ഞത്.അങ്ങനെ സ്വയം തോന്നിയെങ്കില്‍,ക്ഷമിക്കണം.ഉന്നയിച്ച ഓരോ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ അറിയാം.അതിനുള്ള പ്രായമുണ്ട്.അത് തരുകയും ചെയ്യും.ഇപ്പോള്‍ നിലമ്പൂരില്‍,എന്നെ പ്രതീക്ഷിച്ച് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്ന കുറച്ച് ആളുകളുണ്ട്.ക്ലോക്കില്‍ രണ്ട് തവണയേ ഒരു സമയം കാണിക്കൂ.അതില്‍ തന്നെ നോക്കി ഇരിക്കാന്‍ ഇപ്പോള്‍ സമയമില്ല.ജനങ്ങള്‍ക്കൊപ്പം,അവര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്.പിന്നെ,ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ ക്ലീന്‍ ഷേവ് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല.ദിവസവും രാവിലെ ബ്യൂട്ടി പാര്‍ലറില്‍ പോയി സമയം കളയുന്ന ആളുകളെയല്ല ഞാന്‍ പിന്തുടരുന്നത്...

അദ്ദേഹത്തിന്റെ അണികളോടും കൂടിയാണ്..

വിടി ബല്‍റാമിന്റെ കുറിപ്പ്

ഏത് കേടായ ക്ലോക്കും ദിവസത്തില്‍ രണ്ട് തവണ ശരിയായ സമയം കാണിക്കും. എന്നാല്‍ അതു വച്ചല്ല ക്ലോക്കിന്റെ ഗുണനിലവാരം അളക്കേണ്ടത്.

പരിസ്ഥിതി സംരക്ഷണം എന്നത് ഒരു രാഷ്ട്രീയമാണ്, സ്ഥാപിത താത്പര്യക്കാര്‍ക്കും ജാതി/മത ശക്തികള്‍ക്കും മുന്‍പില്‍ കീഴടങ്ങുന്ന നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം എന്നും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള ജനപക്ഷ രാഷ്ട്രീയം. അതിന് വേണ്ടി വാദിക്കുകയും ആ ദിശയിലുള്ള നയരൂപീകരണങ്ങളിലേക്ക് സര്‍ക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും ചുമതല. അവര്‍ക്ക് പരിഹാസങ്ങളും അവസരനഷ്ടങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാലും നിയമസഭയിലടക്കം ആ നിലയിലുള്ള ശബ്ദങ്ങള്‍ ഇനിയുമുയരണം.

എന്നാല്‍ ഇതിനു വിപരീതമായി സ്വന്തം ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രാഷ്ട്രീയ രംഗത്തെ തെരഞ്ഞെടുക്കുകയും പണക്കൊഴുപ്പ് ഉപയോഗിച്ച് ഉന്നത നേതൃത്വത്തെ വിലക്കെടുത്ത് അധികാര പദവികള്‍ നേടിയെടുക്കുകയും ചെയ്യുന്ന മറ്റ് ചിലരുണ്ട്. അവര്‍ അധികാരവും ജനപ്രതിനിധി സഭകളിലെ അംഗത്വവുമൊക്കെ പ്രധാനമായും ഉപയോഗിക്കുന്നത് അവര്‍ക്കും അവരേപ്പോലുള്ള മറ്റ് സ്ഥാപിത താത്പര്യക്കാര്‍ക്കും വേണ്ടിയാണ്. സ്‌ക്കൂള്‍ കുട്ടികള്‍ക്കുള്ള ശാസ്ത്ര ബോധത്തേപ്പോലും പരിഹസിക്കുന്ന തരത്തിലുള്ള വിഡ്ഢിത്തവും അസംബന്ധ വാദങ്ങളുമൊക്കെ അവര്‍ കിട്ടാവുന്നിടത്തൊക്കെ ഉയര്‍ത്തുന്നതും സ്വന്തം കച്ചവട താത്പര്യങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാനാണ്. പ്രകൃതിക്ക് നേരെയുള്ള അതിക്രമങ്ങളുടേയും എണ്ണമറ്റ നിയമലംഘനങ്ങളുടേയും പരമ്പര തന്നെയുണ്ടായാലും രാഷ്ട്രീയ സ്വാധീനത്തെ ഭയന്ന് ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ മടിക്കും. കോടതിവിധികള്‍ പോലും നടപ്പാക്കാതെ പരമാവധി വൈകിപ്പിച്ച് ഒത്താശ ചെയ്യും. പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് ഇതുപോലുള്ള വന്‍കിട നിയമലംഘകര്‍ക്ക് മുന്‍പില്‍ കാശിക്ക് പോവും.

അവസാനം, അവരടക്കമുള്ള ചൂഷക വര്‍ഗ്ഗത്തിന്റെ പ്രവര്‍ത്തനഫലമായി എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ രക്ഷകരായി ഇവര്‍ തന്നെ തകര്‍ത്താടും. ദുരന്തമുഖത്തുള്ള പ്രകടനങ്ങള്‍ക്കപ്പുറം അടിസ്ഥാന പ്രശ്‌നങ്ങളേക്കുറിച്ച് അവര്‍ മൗനം പാലിക്കുമെന്ന് മാത്രമല്ല, ആ നിലക്കുള്ള ചര്‍ച്ചകള്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കും. നേരത്തേ നിയമിച്ച് വച്ചിരിക്കുന്ന ശമ്പളക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവരെ നെന്മ മരങ്ങളായി ചിത്രീകരിച്ച് പ്രതിച്ഛായാ നിര്‍മ്മിതിക്ക് കളമൊരുക്കും. ജീവിതത്തിലിന്നുവരെ സ്വതന്ത്രമായി ചിന്തിക്കാനോ പ്രതികരിക്കാനോ അവസരം ലഭിച്ചിട്ടില്ലാത്ത പാര്‍ട്ടി അടിമകള്‍ കണ്ണുംപൂട്ടി ഇതേറ്റെടുത്ത് കൊഴുപ്പിക്കും.

മാന്‍ ഏത്, മാരീചന്‍ ഏത് എന്ന് തിരിച്ചറിയാന്‍ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com