കേരളവും കേന്ദ്രവും തമ്മില്‍ ജന്മി-കുടിയാന്‍ ബന്ധമല്ല: കെഞ്ചി പറഞ്ഞിട്ടും ഫണ്ട് തന്നില്ലെന്ന് മന്ത്രി സുനില്‍കുമാര്‍

കേന്ദ്രവും കേരളവും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല. ചെലവാക്കാന്‍ കഴിയാത്ത നിബന്ധനകള്‍ വെച്ചാണ് കേന്ദ്രം പണം അനുവദിക്കുന്നത്.
കേരളവും കേന്ദ്രവും തമ്മില്‍ ജന്മി-കുടിയാന്‍ ബന്ധമല്ല: കെഞ്ചി പറഞ്ഞിട്ടും ഫണ്ട് തന്നില്ലെന്ന് മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കാര്‍ഷിക നഷ്ടങ്ങളില്‍ പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മന്ത്രി വിഎസ് സുനില്‍കുമാര്‍ രംഗത്ത്. കേന്ദ്രത്തിനോട് കെഞ്ചിപ്പറഞ്ഞിട്ടും കേരളത്തിന്റെ കാര്‍ഷിക നഷ്ടം പരിഹരിക്കാന്‍ പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിയമപ്രകാരം തരേണ്ട തുക മാത്രമാണ് ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടുള്ളു. അല്ലാതെ ഒന്നും തന്നെ തന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവും കേരളവും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല. ചെലവാക്കാന്‍ കഴിയാത്ത നിബന്ധനകള്‍ വെച്ചാണ് കേന്ദ്രം പണം അനുവദിക്കുന്നത്. എന്നിട്ടാണ് തന്ന പണം ചെലവഴിച്ചിട്ടില്ലെന്ന് പറയുന്നത്. 

പലതവണ കേന്ദ്രത്തിന് മുന്നില്‍പോയി കെഞ്ചി പറഞ്ഞതാണ്. ഇതില്‍ ഇനി എന്തുപറയാനാണ്. അവര്‍ ഇഷ്ടമുണ്ടെങ്കില്‍ തരട്ടെ. അത് നോക്കി ഇരിക്കാനാവില്ല. കഴിഞ്ഞ പ്രളയകാലത്തും കേന്ദ്രം ഒന്നും പ്രത്യേകമായി നല്‍കിയിട്ടില്ല'- അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്നത് കേന്ദ്രം അറിയാത്തതല്ലല്ലോ. സാങ്കേതികത്വം പറയുകയാണ്. ഇതൊരു ഫെഡറല്‍ റിപ്പബ്ലിക്കാണ്. ഇത് തമ്പുരാന്മാരുടെ ലോകമല്ലല്ലോ. കേരളവും കേന്ദ്രവും ഒന്നിച്ചുനീങ്ങേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വര്‍ഷത്തെ പ്രളയത്തില്‍ മാത്രം സംസ്ഥാനത്ത് 2000 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം വരെ കാര്‍ഷിക വിളകളുടെ നഷ്ടം മാത്രം 1200 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com