പ്രളയത്തിന് പിന്നാലെ ആശങ്ക ഉയര്‍ത്തി എലിപ്പനിയും ; രണ്ട് മരണം, 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 

മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു
പ്രളയത്തിന് പിന്നാലെ ആശങ്ക ഉയര്‍ത്തി എലിപ്പനിയും ; രണ്ട് മരണം, 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 

തിരുവനന്തപുരം : പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി എലിപ്പനി പടരുന്നു. എലിപ്പനി ബാധിച്ച്  രണ്ടു പേരാണ് മരിച്ചത്. എട്ടു മരണം എലിപ്പനി കാരണമെന്ന് സംശയിക്കപ്പെടുന്നുണ്ട്. എഴുപത് പേര്‍ക്ക് ആരോഗ്യവകുപ്പ് രോഗം സ്ഥിരീകരിച്ചപ്പോള്‍, 120 പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നു. 

പ്രളയത്തിനു ശേഷം എലിപ്പനി പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പ്രളയബാധിതരും ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രതിരോധ മരുന്നായ ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യവകുപ്പ്  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 

എലിയുടെ മൂത്രത്തില്‍ കൂടി ജലത്തില്‍ കലരുന്ന രോഗാണു  ചെറിയ പോറലുകള്‍, മുറിവുകള്‍, മൃദുലമായ ത്വക്ക് തുടങ്ങിയവ വഴിയാണ് മനുഷ്യശരീരത്തില്‍ കടക്കുന്നത്. കടുത്ത പനി, ക്ഷീണം, തലവേദന, മസിലുകളുടെ വേദന, വിറയല്‍, മൂത്രതടസം  എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗര്‍ഭിണികളൊഴികെ  12 വയസിനു മുകളിലുള്ളവര്‍  100 മില്ലിഗ്രാം ഡോക്‌സിസൈക്‌ളിന്‍ ഗുളിക രണ്ടെണ്ണം വീതം ആഴ്ചയിലൊരിക്കല്‍ കഴിച്ചാല്‍ പ്രതിരോധം നേടാം. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നവര്‍ ആറാഴ്ച വരെ ഗുളിക കഴിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com