അവധിക്കാലം കഴിഞ്ഞു; ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 19th August 2019 06:58 AM |
Last Updated: 19th August 2019 06:58 AM | A+A A- |

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതോടെ കേരളത്തില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് കൂട്ടിയിരിക്കുന്നത്. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.
ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്‌ൈറന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്.
അടുത്തമാസമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത്. ഈ സമയത്ത് നാട്ടില്‍നിന്നു മടങ്ങുന്നവരെയും പെരുന്നാള്‍ കഴിഞ്ഞശേഷം തിരിച്ചു പോകുന്നവരെയും വര്‍ധനവ് പ്രതികൂലമായി ബാധിക്കും. സെപ്റ്റംബറില്‍ ഓണക്കാലമായതിനാല്‍ നിരക്കുവര്‍ധന തുടരാനാണ് സാധ്യത.
എയര്‍ഇന്ത്യ എക്‌സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്.
വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റശേഷം വി. മുരളീധരന്റെ നേതൃത്വത്തില്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കാമെന്ന് അന്ന് കമ്പനികള്‍ സമ്മതിച്ചാണ്.
ആഗസ്റ്റ് 31ന് തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തിന് 26,887രൂപയാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് എയറില്‍ 66,396രൂപയാണ് നിരക്ക്. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിന് 31,685രൂപയാണ് ടിക്കറ്റ് നിരക്ക്. സ്‌പൈസ് ജെറ്റിന് 22,635. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പോകുന്ന എത്തിഹാദിന് 47,100രൂപയാണ് ടിക്കറ്റ് നിരക്ക്.