ആവശ്യപ്പെട്ടത് ദേഹ പരിശോധന മാത്രം ; വീഴ്ച ഡോക്ടറുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമം ; പൊലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

ശ്രീറാമിന്റെ മെഡിക്കല്‍ പരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്. രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടില്ല
ആവശ്യപ്പെട്ടത് ദേഹ പരിശോധന മാത്രം ; വീഴ്ച ഡോക്ടറുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമം ; പൊലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനം മാധ്യമപ്രവര്‍ത്തകനെ ഇടിച്ചുകൊന്ന സംഭവത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ടിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. ശ്രീറാമിന്റെ രക്ത പരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ എതിര്‍ത്തത്. പൊലീസിന്റെ വീഴ്ച ഡോക്ടറുടെ മേല്‍ കെട്ടിവെക്കാനാണ് റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. 

ശ്രീറാമിന്റെ ദേഹ പരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്. രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടില്ല. നിയമപരമായ നടപടിക്രമങ്ങള്‍ ഡോക്ടര്‍ പാലിച്ചിരുന്നു. എസ്‌ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്തപരിശോധന നടത്തിയില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കളവാണെന്നും സംഘടന പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിനെതിരെ കെജിഎംഒഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. 

പൊലീസ് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്തപരിശോധന നടത്തിയില്ലെന്നത് അടക്കം വിചിത്ര വാദങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തലവന്‍ ഷീന്‍ തറയിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പലകുറി ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം പരിസോധന ചാര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രക്തപരിശോധന നടത്താന്‍ ആവശ്യപ്പെടാതെ, മെഡിക്കല്‍ എടുക്കാന്‍ മാത്രമായിരുന്നു ആവശ്യപ്പെട്ടത്. മാത്രമല്ല, പൊലീസ് കേസെടുക്കാത്തതിനാല്‍ തനിക്ക് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാകില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. 

എന്നാല്‍ അപകടം ഉണ്ടായി 10 മണിക്കൂറിന് ശേഷമാണ് പൊലീസ് ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിച്ചത്. മെഡിക്കല്‍ കോളേജില്‍ പോകാനുള്ള നിര്‍ദേശം ലംഘിച്ച് ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായപ്പോഴും പൊലീസ് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനും വിചിത്ര വാദങ്ങളാണ് പ്രത്യേക അന്വേഷണ സംഘം നിരത്തുന്നത്. പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്നാണ് വാദം.

അപകട മരണമുണ്ടായാല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാം. അങ്ങനെയുള്ളപ്പോഴാണ് പൊലീസിന്റെ ഈ വിചിത്ര വാദം. രാത്രി ഒരു മണിക്കുണ്ടായ പകടത്തില്‍ രാവിലെ എട്ടുമണിയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ താന്‍ പൊലീസിന്റെ ഒപ്പം ഉണ്ടായിരുന്നെന്നും, എന്നാല്‍ തന്റെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും പരാതിക്കാരനായ സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സെയ്ഫുദ്ദീന്‍ ഹാജി വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com