ഇനി വരള്‍ച്ചയോ?; പെരിയാറില്‍ അസാധാരണ സാഹചര്യം; ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു 

സമുദ്രത്തിലേക്ക് ഒഴുക്ക് കൂടിയതാണ് ജലനിരപ്പ് കുറയാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍
ഇനി വരള്‍ച്ചയോ?; പെരിയാറില്‍ അസാധാരണ സാഹചര്യം; ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു 

കൊച്ചി: കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പ്രളയഭീഷണി ഉയര്‍ത്തി ഒഴുകിയ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ആശങ്കപ്പെടുത്തുന്നു. സമുദ്രത്തിലേക്ക് ഒഴുക്ക് കൂടിയതാണ് ജലനിരപ്പ് കുറയാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ വരള്‍ച്ചയുടെ സൂചനയാണെന്ന വിദഗ്ധരുടെ നിഗമനങ്ങളാണ് ആശങ്കയുളവാക്കുന്നത്. 

കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ നിറഞ്ഞൊഴുകിയിരുന്നു പെരിയാര്‍. സമുദ്രനിരപ്പില്‍ നിന്ന് അഞ്ചേകാല്‍ മീറ്റര്‍ വരെ ഉയരത്തിലാണ് ഒഴുകിയത്. മഴ ഒന്നുംകൂടി കനത്താല്‍ വീണ്ടും കഴിഞ്ഞതവണത്തെപ്പോലെ പ്രളയമുണ്ടാകുമോ എന്ന ആശങ്കയും തീരവാസികള്‍ പങ്കുവെച്ചിരുന്നു. 

പക്ഷേ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍  പെരിയാറിലെ ജലനിരപ്പ് കുറയുകയാണ്. ഒറ്റയടിക്ക് കുറഞ്ഞ ജലനിരപ്പ് ഒരു ഘട്ടത്തില്‍ പൂജ്യം ലെവല്‍ വരെയെത്തി. അതിലും താഴ്ന്നാല്‍ ആലുവയില്‍ നിന്നുളള ജലഅതോറിറ്റിയുടെ കുടിവെളള പമ്പിംഗ് തന്നെ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന ആശങ്കവരെ ഉയര്‍ന്നു. ഒടുവില്‍ പുറപ്പളളിക്കാവ് ബണ്ടടച്ചതോടെയാണ് ജലനിരപ്പ് വീണ്ടും മുപ്പത് സെന്റി മീറ്ററോളം ഉയര്‍ന്നത്. വെളളപ്പൊക്കത്തിനു പിന്നാലെയുണ്ടായ ഈ അസാധാരണ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ മഹാപ്രളയത്തിനു ശേഷവും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com