കളക്ടറെത്തിയില്ല; നൗഷാദിന്റെ പുതിയ കട നാട്ടുകാര്‍ ഉദ്ഘാടനം ചെയ്തു; തിരക്കോട് തിരക്ക്

ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പനയും ഉഷാറായി
കളക്ടറെത്തിയില്ല; നൗഷാദിന്റെ പുതിയ കട നാട്ടുകാര്‍ ഉദ്ഘാടനം ചെയ്തു; തിരക്കോട് തിരക്ക്


കൊച്ചി: കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നല്‍കിയ നൗഷാദിന്റെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കടയുടെ ഉദ്ഘാടനം നടത്തി.

പ്രളയസഹായം നല്‍കാന്‍ ആളുകള്‍ മടിച്ചു നിന്ന സമയത്തായിരുന്നു, നൗഷാദ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. തെരുവില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുന്‍പേ കൊച്ചി ബ്രോഡ് വേയില്‍ സ്വന്തമായൊരു കട നൗഷാദ് കണ്ടു വെച്ചിരുന്നു. പുതിയ സ്‌റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പനയും ഉഷാറായി. നൗഷാദിന്റെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. നൗഷാദിനെയും കുടുംബത്തെയും ഗള്‍ഫിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

മൂന്ന് ഷര്‍ട്ടുകള്‍ക്ക് ആയിരം രൂപയാണ് നൗഷാദിക്കയുടെ കടയിലെ വില. മരിക്കുംവരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com