ദുരിതാശ്വാസ നിധിയിലേക്ക് കുഞ്ഞു കുടുക്കകളിലെ സമ്പാദ്യവുമായി ഗാന്ധിഭവനിലെ കുട്ടികളെത്തി; ഇത്തവണ ഓണക്കോടി തന്റെവകയെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ കഴിഞ്ഞ ഓണക്കാലം മുതല്‍ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളടങ്ങുന്ന കുടുക്കകളുമായി പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലെത്തി
ദുരിതാശ്വാസ നിധിയിലേക്ക് കുഞ്ഞു കുടുക്കകളിലെ സമ്പാദ്യവുമായി ഗാന്ധിഭവനിലെ കുട്ടികളെത്തി; ഇത്തവണ ഓണക്കോടി തന്റെവകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ കഴിഞ്ഞ ഓണക്കാലം മുതല്‍ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളടങ്ങുന്ന കുടുക്കകളുമായി പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലെത്തി. സന്തോഷത്തോടെ കുടുക്കകള്‍ ഏറ്റുവാങ്ങിയ മുഖ്യമന്ത്രി കുട്ടികള്‍ക്കുള്ള ഓണക്കോടികള്‍ താന്‍ നല്‍കുമെന്ന് വാക്കും നല്‍കി. ഇന്നലെ വിജെടി ഹാളില്‍ പത്തനാപുരം ഗാന്ധിഭവന്റെ 15-ാം വാര്‍ഷികാഘോഷവും തിരുവനന്തപുരം റീജിയണല്‍ ഓഫീസിന്റെ താക്കോല്‍ദാന ചടങ്ങുമായിരുന്നു വേദി. 

ഗാന്ധിഭവനിലെ അന്തേവാസികളായ 25 കുട്ടികളാണ് വരിവരിയായി എത്തി തങ്ങളുടെ കുടുക്കകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. കഴിഞ്ഞ ഓണത്തിനുശേഷം വിഷുക്കൈ നീട്ടമായും മറ്റും കിട്ടിയ നാണയത്തുട്ടുകളുപയോഗിച്ച് ഇത്തവണ ഓണക്കോടി വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായ കുരുന്നുകള്‍ക്ക് താങ്ങാവാനായി ഈ കുഞ്ഞുങ്ങളുടെ അവരുടെ സമ്പാദ്യം മാറ്റിവയ്ക്കുകയായിരന്നു. 

'നിങ്ങള്‍ നല്‍കിയ നാണയത്തുട്ടുകള്‍ വിലപ്പെട്ട നിധിയായി കണക്കാക്കുന്നു.ഗാന്ധിഭവന്‍ അധികൃതര്‍ നിങ്ങള്‍ക്ക് ഓണക്കോടി വാങ്ങിത്തന്നേക്കാം. എന്നാല്‍, നിങ്ങള്‍ക്കുള്ള ഓണക്കോടി ഞാന്‍ എത്തിക്കും'-മുഖ്യമന്ത്രി കുട്ടികളോട് പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ കുട്ടികള്‍ ഏറ്റെടുത്തത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജന്‍ മുഖേനെ ആയിരിക്കും താന്‍ ഓണക്കോടി നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കിയ ഗാന്ധിഭവനിലെ അമ്മമാരെക്കുറിച്ചും മുഖ്യമന്ത്രി വാചാലനായി. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ഒരുമാസത്തെ ശമ്പളമായ 70,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകര്‍ 25,000 രൂപയും നല്‍കി. ഗാന്ധിഭവന്‍ തിരുവനന്തപുരത്ത് ആരംഭിച്ച റീജണല്‍ ഓഫീസിന്റെയും വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന 15 പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com