സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ മഠത്തില്‍ പൂട്ടിയിട്ടു;പരാതി

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ മാനന്തവാടി കാരയ്ക്കാമല മഠത്തില്‍ പൂട്ടിയിട്ടതായി പരാതി.
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ മഠത്തില്‍ പൂട്ടിയിട്ടു;പരാതി

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ മാനന്തവാടി കാരയ്ക്കാമല മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. മഠത്തിനടുത്തള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാന്‍ ശ്രമം നടന്നുവെന്ന് ലൂസി ആരോപിച്ചു. ഇന്ന് രാവിലെ 6മണിയോടുകൂടി പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങുന്നതിന് മുന്‍പേ മഠത്തിന്റെ വാതിലുകള്‍ പൂട്ടി മറ്റുള്ളവര്‍ പുറത്തുപോയെന്ന്‌ സിസ്റ്റര്‍ ലൂസി പറഞ്ഞു. 

മുന്‍വശത്തെ വാതില്‍ നേരത്തെ പൂട്ടിയിട്ടതാണ്. അടുക്കള വാതില്‍ വഴിയാണ് ഇപ്പോള്‍ മഠത്തിനുള്ളില്‍ പ്രവേശിക്കുന്നത്. ആകെ പുറത്തേക്ക് കടക്കാനുള്ള വാതില്‍ ഇതു മാത്രമാണ്. ഇത് പൂട്ടിയതോടെ താന്‍ അകത്തുകുടുങ്ങിയെന്ന് ലൂസി പറയുന്നു. 

വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തിയാണ് പൂട്ട് തുറന്നത്്. മദര്‍ സുപ്പീരിയറിനെ കൂട്ടിക്കൊണ്ടുവന്നാണ് പൊലീസ് വാതില്‍ തുറന്നത്. നേരത്തെ മഠത്തില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടുന്നു എന്ന് ലൂസി പറഞ്ഞിരുന്നു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തത് ഉള്‍പ്പെടെയുളള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ലൂസിയെ സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എഫ്‌സിസി സന്ന്യാസിനി സമൂഹത്തില്‍ നിന്നാണ് ഇവരെ പുറത്താക്കിയത്. സൂപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.സഭാചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും പുറത്താക്കലിന് കാരണമായി. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. പുറത്താക്കലിന് മുന്‍പ് നല്‍കിയ മുന്നറിയിപ്പുകള്‍ ഇവര്‍ അവഗണിച്ചതായും സന്യാസിനി സഭ പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. വത്തിക്കാനിലേക്ക് അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ മഠത്തില്‍ തുടരാന്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com