ശല്യം ചെയ്തയാള്‍ക്കെതിരെ നടപടിയെടുക്കാതെ ബസ് ജീവനക്കാര്‍; പരാതിയുമായി യുവതി
By സമകാലികമലയാളം ഡെസ്‌ക് | Published: 20th August 2019 09:56 PM |
Last Updated: 20th August 2019 09:56 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മദ്യപിച്ചെത്തിയ യുവാവ് ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവം ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി ആരോപിച്ചു. തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ഥിനിക്കാണ് സ്വകാര്യ ബസില്‍ വെച്ച് ദുരനുഭവമുണ്ടായത്.
തൃപ്രയാര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്തു നിന്ന് പിജി ട്രാവല്‍സ് എന്ന ബസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവമുണ്ടായത്. ബസ് ആലപ്പുഴയില്‍ എത്തിയപ്പോള്‍ ഒരു യുവാവ് ബസില്‍ കയറുകയും യുവതിക്ക് സമീപം ഇരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. ശല്യം തുടര്‍ന്നപ്പോള്‍ വിവരം ബസ് ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ ഇടപെട്ടില്ല.
പിന്നീട് ഇയാളെ മറ്റൊരു സീറ്റിലേയ്ക്ക് മാറ്റിയിരുത്തിയിട്ടും ശല്യം തുടരുകയായിരുന്നു. ഒടുവില്‍ ബസിലെ മറ്റൊരു യാത്രക്കാരന്‍ ഇടപെട്ട് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
സംഭവത്തെ തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്തുള്ള യാത്രയില്‍ വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനും സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താത്തതിനുമെതിരെ നടപടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം. സംഭവത്തില്‍ വീഴ്ച പരിശോധിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പിജി ട്രാവല്‍ അധികൃതര്‍ വ്യക്തമാക്കി.