കറക്കി കുത്തിയെന്നും, അടുത്തിരുന്നയാളുടെ നോക്കിയെഴുതിയെന്നും വാദം ; പരീക്ഷാതട്ടിപ്പില്‍ പ്രതികളെ കുടുക്കിയത് ഈ നാലുചോദ്യങ്ങള്‍

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍
കറക്കി കുത്തിയെന്നും, അടുത്തിരുന്നയാളുടെ നോക്കിയെഴുതിയെന്നും വാദം ; പരീക്ഷാതട്ടിപ്പില്‍ പ്രതികളെ കുടുക്കിയത് ഈ നാലുചോദ്യങ്ങള്‍

തിരുവനന്തപുരം : പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ശിവരഞ്ജിത്തിനെയും  28-ാം റാങ്കുകാരന്‍ നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് അഞ്ചുമണിക്കൂര്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പഠിച്ചാണ് പിഎസ് സി പരീക്ഷ ജയിച്ചതെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞത്. ഈ വാദത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
 

ഇതോടെ ക്രൈംബ്രാഞ്ച് സംഘം തന്ത്രം മാറ്റി. പിഎസ് സി പരീക്ഷയിലെ തന്നെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. പഠിച്ചുജയിച്ചെന്ന് പറഞ്ഞ ഇരുവരും ഉത്തരം അറിയാതെ കുഴങ്ങി. ആദ്യം കറക്കികുത്തിയെന്ന് പറഞ്ഞു. പിന്നീട് അടുത്തിരുന്നയാളുടെ ഉത്തരപേപ്പര്‍ നോക്കിയാണ് എഴുതിയതെന്നായി വാദം. എന്നാല്‍ അടുത്തിരുന്നവരാരും റാങ്ക ലിസ്റ്റില്‍ കടന്നിട്ടില്ലെന്ന കാര്യം പൊലീസ് സംഘം ചൂണ്ടിക്കാട്ടി. 

എന്നാല്‍ നോക്കിയെഴുതിയതാണെന്ന വാദത്തില്‍ നസീം ഉറച്ചു നിന്നു.  എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും  തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് ക്രമക്കേട് നടത്തിയാണ് ഇരുവരും ജയിച്ചതെന്ന് കണ്ടെത്തിയത്. 

പ്രതികളെ കുടുക്കിയത് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നാലു ചോദ്യങ്ങളാണ്.

1. നിങ്ങള്‍ എങ്ങനെയാണ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയത്? 

പ്രതികളുടെ മറുപടി: പഠിച്ചാണ് പരീക്ഷയെഴുതിയത്. മിക്കതും എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. അറിയാത്ത ഉത്തരങ്ങള്‍ കറക്കിക്കുത്തി. ഭാഗ്യത്തിന് അതൊക്കെ ശരിയുത്തരമായി. 

2 : അങ്ങനെയെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ. (െ്രെകംബ്രാഞ്ച് സംഘം പരീക്ഷാ ചോദ്യക്കടലാസിലെ ഓരോ ചോദ്യങ്ങളായി ചോദിക്കുന്നു. ഒന്നിനും ശരിയുത്തരം നല്‍കാനാകാതെ പ്രതികള്‍)

മറുപടി: സോറി. പഠിച്ചല്ല പരീക്ഷയെഴുതിയത്. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് മാറിമാറി നോക്കിയാണ് ശരിയുത്തരം എഴുതിയത്. 

3: നിങ്ങളുടെ അടുത്തിരുന്നവരുടെ പട്ടിക ഇതാണ്. ഇതില്‍ ആരും റാങ്ക് പട്ടികയില്‍ വന്നിട്ടില്ല. അപ്പോള്‍ അവരുടെ ഉത്തരക്കടലാസ് നോക്കി നിങ്ങള്‍ എങ്ങനെ ശരിയുത്തരം എഴുതി? 

ഉത്തരം: (കൃത്യമായി ഉത്തരം നല്‍കാനാകാതെ ശിവരഞ്ജിത്.) അതറിയില്ല. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് നോക്കിയാണ് ഞാന്‍ എഴുതിയതെന്ന് നസീമിന്റെ മറുപടി. 

4: പരീക്ഷ എഴുതുമ്പോള്‍ ശിവരഞ്ജിത്തിന് 96 എസ്എംഎസ് അയച്ചത് ആരാണ്? 

ശിവരഞ്ജിത്തിന്റെ ഉത്തരം: അതു പതിവായി വരുന്ന എസ്എംഎസാണ്. കൂട്ടുകാര്‍ അയച്ചതാണ്. (എസ്എംഎസായി വന്ന ഉത്തരത്തിന്റെ പ്രിന്റൗട്ട് അന്വേഷണ സംഘം കാട്ടിക്കൊടുത്തപ്പോള്‍ ശിവരഞ്ജിത് വിയര്‍ത്തു. പിന്നീട് മൗനം. ആരാണ് എസ്എംഎസ് അയച്ചതെന്നും മൊബൈല്‍ ഫോണ്‍ വഴിയാണോ സ്മാര്‍ട് വാച്ച് വഴിയാണോ എസ്എംഎസ് സ്വീകരിച്ചതെന്നും വ്യക്തമാക്കാന്‍ ഇരുവരും കൂട്ടാക്കിയില്ല.

പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി ഇരുവരും ഒടുവില്‍ തലകുലുക്കി സമ്മതിച്ചു. എന്നാല്‍ ഇവര്‍ക്ക് മൊബൈല്‍ ഫോണില്‍ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. ഇവരെ കണ്ടെത്താനാകാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. കോപ്പിടയിക്കാന്‍ ഉപയോഗിച്ച മൊബൈല്‍  കണ്ടെത്താനാകാത്തതും അന്വേഷണത്തെ വഴിമുട്ടിക്കുന്നുണ്ട്. പ്രധാന തൊണ്ടിമുതലായ മൊബൈല്‍ നശിപ്പിക്കപ്പെട്ടേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com