ചോദ്യം ചെയ്യലില്‍ പിഎസ് സി ചോദ്യങ്ങളുമായി ക്രൈംബ്രാഞ്ച്‌, ഉത്തരംമുട്ടി പ്രതികള്‍

എസ്എംഎസ് നോക്കിയാണ് ഇവര്‍ ഉത്തരമെഴുതിയത് എന്ന് പൂര്‍ണമായും സമ്മതിച്ചിട്ടില്ലെന്നാണ് സൂചന
ചോദ്യം ചെയ്യലില്‍ പിഎസ് സി ചോദ്യങ്ങളുമായി ക്രൈംബ്രാഞ്ച്‌, ഉത്തരംമുട്ടി പ്രതികള്‍

തിരുവനന്തപുരം: പിഎസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ റാങ്കുകാരായ ശിവരഞ്ജിത്തും, എ എന്‍ നസീമും കോപ്പിയടിച്ചതെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. പഠിച്ചാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത് എന്ന നിലപാടില്‍ ഇരുവരും ഉറച്ചു നിന്നെങ്കിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി കെ ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റേയും ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഇവര്‍ക്ക് പിഴച്ചു. 

ഇവരെ ചോദ്യം ചെയ്യുന്നത് 5 മണിക്കൂര്‍ നീണ്ടു. എന്നാല്‍, എസ്എംഎസ് നോക്കിയാണ് ഇവര്‍ ഉത്തരമെഴുതിയത് എന്ന് പൂര്‍ണമായും സമ്മതിച്ചിട്ടില്ലെന്നാണ് സൂചന. പഠിച്ചാണ് പരീക്ഷ എഴുതിയത് എന്ന നിലപാട് ആവര്‍ത്തിച്ചപ്പോള്‍ ചോദ്യം ചെയ്യലില്‍ പിഎസ് സി പരീക്ഷയ്‌ക്കെത്തിയ ചോദ്യങ്ങള്‍ അന്വേഷണ സംഘം ഇവരോട് ചോദിച്ചു. 

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാതെ ഇരുവരും കുഴങ്ങി. ഇതോടെ പഠിച്ചാണ് പരീക്ഷ എഴുതിയത് എന്ന നിലപാടില്‍ നിന്ന് മാറുകയും, അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് മാറിമാറി നോക്കിയാണ് ഉത്തരം എഴുതിയത് എന്നായി. നിങ്ങളുടടെ അടുത്തിരുന്നവരുടെ പട്ടികയിലുള്ളവര്‍ റാങ്ക് ലിസ്റ്റില്‍ വന്നിട്ടില്ല എന്ന് അന്വേഷണ സംഘം പറഞ്ഞപ്പോഴും അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് നോക്കിയാണ് ഞാന്‍ എഴുതിയത് എന്ന് നസിം ഉറപ്പിച്ചു പറയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

പരീക്ഷ എഴുതുന്ന സമയത്ത് വന്ന 96 എസ്എംഎസുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അവ പതിവായി വരുന്നവയാണെന്നും,കുട്ടൂകാര്‍ അയച്ചതാണെന്നുമാണ് ശിവരഞ്ജിത് മറുപടി പറഞ്ഞത്. എന്നാല്‍ എസ്എംഎസ് ആയി വന്ന ഉത്തരങ്ങളുടെ പ്രിന്റൗട്ട് കാട്ടിയതോടെ ഇവര്‍ക്ക് ഉത്തരമില്ലാതെയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com