തീവ്ര മഴയ്ക്കു സാധ്യത; ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st August 2019 02:25 PM |
Last Updated: 21st August 2019 02:25 PM | A+A A- |

തിരുവനന്തപുരം: തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നാളെ തീവ്ര മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മറ്റ് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. മിക്ക ജില്ലകളിലും ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍ക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.
മല്‍സ്യതൊഴിലാളികള്‍ക്കായി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം ഇന്നും നാളെയും അറബിക്കടലില്‍ തെക്കുപടിഞ്ഞാറ് ദിശയിലായി 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.