സിസ്റ്റര്‍ ലൂസിയെ വിഡിയോയിലൂടെ അപമാനിക്കാന്‍ ശ്രമം; വൈദികനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st August 2019 05:32 AM |
Last Updated: 21st August 2019 05:32 AM | A+A A- |
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കലിനെതിരേ കേസ്. സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയില്‍ നോബിള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരേയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ സിസ്റ്റര്‍ ലൂസിയ്‌ക്കെതിരേ നോബിള്‍ അപവാദ പ്രചരണം നടത്തിയത്. ലൂസിയെ കാണാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരുടെ വിഡിയോ മോശമായ രീതിയില്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്. മദര്‍ സുപ്പീരിയറും പ്രതിപ്പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ മൊഴി ഉടന്‍ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി.
വാര്‍ത്തശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആര്‍ഒയും വൈദികനുമായ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
''ഒരു പൂട്ടിയിടല്‍ അപാരത'' എന്ന ക്യാപ്ഷനില്‍ തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. സിസ്റ്റര്‍ ലൂസി മഠത്തിന്റെ പിന്‍വാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയവരില്‍ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് കളഞ്ഞ് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.