ആനയുടെ കൊമ്പില്‍ പിടിച്ച് ചിത്രമെടുത്തു ; അസിസ്റ്റന്റ് കമ്മീഷണറും എസ്‌ഐയും പുലിവാലു പിടിച്ചു ; പരാതി

ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കിയത്
ആനയുടെ കൊമ്പില്‍ പിടിച്ച് ചിത്രമെടുത്തു ; അസിസ്റ്റന്റ് കമ്മീഷണറും എസ്‌ഐയും പുലിവാലു പിടിച്ചു ; പരാതി

തിരുവനന്തപുരം : ആനയുടെ കൊമ്പില്‍ പിടിച്ചു നിന്ന് ചിത്രം എടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചത് വന്‍ പുലിവാല്. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ ആന പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറും ശ്രീകാര്യം പൊലീസ് സ്‌റ്റേഷനിലെ ക്രൈം എസ് ഐയുമാണ് പൊല്ലാപ്പിലായത്. 

ചെല്ലമംഗലം ക്ഷേത്രത്തില്‍ ആനയൂട്ട് നടക്കവെ ക്രമസമാധാനപാലനത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ചിത്രമെടുത്ത് പുലിവാലു പിടിച്ചത്.  എഴുന്നെള്ളിപ്പിനും പൊതുപരിപാടികള്‍ക്കും കൊണ്ടു വരുമ്പോള്‍  ആനയുടെ ശരീരത്തില്‍ ഒന്നാം പാപ്പന്‍ മാത്രമേ സ്പര്‍ശിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് നടപ്പാക്കേണ്ട പൊലീസുകാര്‍ തന്നെ ലംഘിച്ചെന്നാണ് പരാതി. 

ത്യശൂര്‍ തിരുവമ്പാടി ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയത്. പൊലീസുകാര്‍ ആനയുടെ കൊമ്പില്‍ പിടിച്ചു നിന്ന ചിത്രം സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. 

കോഴിക്കോട് വടകരയില്‍ കല്യാണത്തിനായി കരുവഞ്ചാല്‍ ഗണേശന്‍ എന്ന മോഴ ആനയെ കൊമ്പുകള്‍  ഘടിപ്പിച്ച് പ്രദര്‍ശിപ്പിച്ചതിനെതിരെയും പരാതിയില്‍ നടപടി ആവശ്യപ്പെടുന്നുണ്ട്. കൃത്രിമ കൊമ്പ് വച്ച ആനയ്ക്ക് അതു മാറ്റാതെ ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ആന പട്ടിണിയായതിനാല്‍ വരനും വരന്റെ അച്ഛന്‍, ആന ഉടമ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും വെങ്കിടാചലം ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com