പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതെങ്ങനെ ?; ഉന്നത ബന്ധമുള്ളവര്‍ക്ക് എന്തുമാകാമോ ?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd August 2019 02:04 PM |
Last Updated: 22nd August 2019 02:09 PM | A+A A- |
കൊച്ചി : എസ്എഫ്‌ഐ മുന്‍ നേതാക്കള്‍ പ്രതികളായ പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പിഎസ് സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമാണോ എന്ന് കോടതി ചോദിച്ചു. ഉന്നത ബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന സ്ഥിതി. ഉന്നത സ്വാധീനമുള്ളവര്‍ക്ക് ഇത്തരത്തില്‍ എന്തും ചെയ്യാനാകുമോ എന്നും കോടതി ചോദിച്ചു.
പരീക്ഷാ ഹാളില്‍ പ്രതികള്‍ക്ക് എങ്ങനെയാണ് മൊബൈല്‍ കിട്ടിയത്. മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് ഒരു മത്സരപ്പരീക്ഷയില്‍ അനുവദനീയമാവുക? ഇങ്ങനെയാണോ പരീക്ഷ നടത്തേണ്ടത്? സമൂഹത്തില്‍ പിഎസ് സിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.
എസ്എഫ്‌ഐ മുന്‍ നേതാക്കള്‍ പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികളെ പിടികൂടാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി തന്നെ അറസ്റ്റിലായ നാടാണിത്. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്?'. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി അമറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ എന്തുകൊണ്ടാണ് ഇനിയും അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചു. അമറിനെ സമൂഹത്തില്‍ തുറന്നു വിടുന്നത് ആപത്താണ്. സമാനമായ സംഭവം ചെയ്തത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആള്‍ ആണെങ്കില്‍ ഈ സമീപനം തന്നെ ആയിരിക്കുമോ പൊലീസ് സ്വീകരിക്കുക. കുറ്റത്തിന്റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികതയല്ല കണക്കിലെടുക്കേണ്ടതെന്ന് ഹൈക്കോടതി പൊലീസിനെ ഓര്‍മ്മിപ്പിച്ചു.