യാത്രക്കാരോട് മോശമായി പെരുമാറി; ഓട്ടോ ഡ്രൈവര്‍മാരെ ശിക്ഷിച്ച് ജില്ലാ കലക്ടര്‍; നല്ല പാഠം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd August 2019 09:55 PM |
Last Updated: 22nd August 2019 09:55 PM | A+A A- |
കൊച്ചി: യാത്രക്കാരോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മാതൃകാപരമായ ശിക്ഷ. രണ്ട് ഓട്ടോറിക്ഷാ തൊഴിലാളികള്‍ നടത്തിയ മോശമായ പെരുമാറ്റം സാമൂഹിക മാധ്യമങ്ങളിലൂടെ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ആര്‍ടിഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയുമായിരുന്നു. ശിക്ഷയുടെ കാര്യം എറണാകുളം കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
ആദ്യ സംഭവത്തിലെ ഡ്രൈവറോട് 15 ദിവസം എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയറില്‍ സേവനം അനുഷ്ഠിക്കാനും അതിനു ശേഷം 15 ദിവസം കാന്‍സര്‍ വാര്‍ഡില്‍ രോഗികളെ പരിചരിക്കാനുമാണ് നിര്‍ദേശിച്ചത്. രണ്ടാമത്തെ സംഭവത്തില്‍ ഡ്രൈവറോട് 12 ദിവസം എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ രോഗീ പരിചരണം നടത്തുവാനാണ് നിര്‍ദേശിച്ചത്.
കുറിപ്പിന്റെ പൂര്‍ണ രൂപം
2 ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തിയ മോശമായ പെരുമാറ്റം സമൂഹ മാധ്യമങ്ങളിലൂടെ ശ്രേദ്ധയില്‍ പെടുകയും വിഷയം എറണാകുളം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി.ഒ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടു കേസുകളിലും ഡ്രൈവര്‍മാര്‍ സഭ്യമല്ലാത്ത പെരുമാറ്റത്തിലൂടെ, വളരെ പ്രതിബദ്ധതയോടെ ജനസേവനം നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളി സമൂഹത്തിനു തന്നെ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തില്‍ രണ്ടാള്‍ക്കും മാതൃകാപരമായ ശിക്ഷ നല്‍കി. ഓട്ടോ തൊഴിലാളി സഹോദരങ്ങള്‍ യാത്രക്കാരോടും പൊതുജനങ്ങളോടും ഉള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
ആദ്യ സംഭവത്തിലെ ഡ്രൈവറോട് 15 ദിവസം എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയറില്‍ സേവനം അനുഷ്ഠിക്കാനും അതിനു ശേഷം 15 ദിവസം കാന്‍സര്‍ വാര്‍ഡില്‍ രോഗികളെ പരിചരിക്കാനും നിര്‍ദേശിച്ചു.
രണ്ടാമത്തെ സംഭവത്തില്‍ ഡ്രൈവറോട് 12 ദിവസം എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ രോഗീ പരിചരണം നടത്തുവാനും നിര്‍ദേശം നല്‍കി.
ഇതിനായി ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ ഇദ്ദേഹം ഹോസ്പിറ്റല്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ്.
ഈ നടപടിയെ ഒരു ശിക്ഷയായി കരുതാതെ മാറ്റത്തിനുള്ള ഒരു അവസരമായി കരുതി സേവനത്തിലൂടെ ഇവര്‍ക്ക് രണ്ടാള്‍ക്കും പ്രത്യക്ഷമായ മാറ്റം സ്വഭാവത്തില്‍ ഉണ്ടാകട്ടെ എന്നും എറണാകുളം ജില്ലയെ ജനസൗഹൃദ ഓട്ടോകള്‍ മാത്രമുള്ള ജില്ലയായി മാറ്റാന്‍ നമുക്ക് ശ്രമിക്കാം.
special note : നല്ലരീതിയില്‍ പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭൂരിഭാഗം ഓട്ടോ തൊഴിലാളി സഹോദരങ്ങളോടും ബഹുമാനം തന്നെയാണ് എനിക്കുള്ളത്.