ശ്രീധരന്‍പിള്ളയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി; അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയില്ല; സഹായിച്ചവര്‍ക്ക് നന്ദി 

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും പണം തട്ടിയെടുക്കലായിരുന്നു പരാതിക്കാരന്റെ ലക്ഷ്യമെന്നും  ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തുഷാര്‍
ശ്രീധരന്‍പിള്ളയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി; അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയില്ല; സഹായിച്ചവര്‍ക്ക് നന്ദി 


ദുബായ്: യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന  ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്ളി. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും പണം തട്ടിയെടുക്കലായിരുന്നു പരാതിക്കാരന്റെ ലക്ഷ്യമെന്നും  ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തുഷാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രത്യേകിച്ച് എംഎ യൂസഫലിയുടെയും ഇടപെടലാണ് ജയില്‍ മോചനത്തിന് ഇടയാക്കിയതെന്നും കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന പൂര്‍ണബോധ്യം അവര്‍ക്കുണ്ടെന്നും തുഷാര്‍ പറഞ്ഞു. 

തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നെന്നും പതിനാലു വര്‍ഷം പഴക്കമുള്ള കേസില്‍ കെണിയൊരുക്കി തുഷാറിനെ ഗള്‍ഫിലേക്കു വിളിച്ചുവരുത്തുകയായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തുഷാറിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടിരുന്നു.
 

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ  എം.എ.യൂസഫലിയുടെ നേതൃത്വത്തില്‍ ജാമ്യത്തുക  കെട്ടിവെച്ചതോടെയാണ് ജാമ്യം ലഭിച്ചത്.  വെള്ളി, ശനി ദിവസങ്ങളില്‍ യു.എ.ഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ക്ക് വേഗം കൂട്ടിയത്. ഇതിനായി യൂസഫലിയുടെ പ്രതിനിധികള്‍ അജ്മാനിലെത്തിയിരുന്നു.

രണ്ടു ദിവസമായി അജ്മാന്‍ ജയിലില്‍ കഴിയുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി . പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക്  ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം മുമ്പാണ് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയ്ക്ക് പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) ചെക്ക് നല്‍കിയത് . ഈ ചെക്കിന് നിയമ സാധുത ഇല്ലെന്നാണ് തുഷാറിന്റെ നിലപാട്.  

നാസില്‍ അബ്ദുള്ളയ്ക്ക് പത്ത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കി . എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതിച്ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണ് എന്നും തുഷാര്‍ വാദിക്കുന്നു .  ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസില്‍ തുഷാര്‍  വെള്ളാപ്പള്ളിയെ യു എ ഇ യിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ചായിരുന്നു തുഷാര്‍ അറസ്റ്റിലായത്.  നാല് ദിവസം മുന്‍പേ തന്നെ നാസില്‍ അബ്ദുള്ള തുഷാര്‍ വെളളാപ്പള്ളിക്കെതിരെ അജ്മാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു . തുഷാറിന് ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. 

അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിംഗ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ പത്ത് വര്‍ഷം മുമ്പ്  കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേ സമയം സബ്‌കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറെ പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ  ചെക്കിന്റെ പേരിലായിരുന്നു തര്‍ക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com