'മാഫിയകളുടെ ആര്‍ത്തിയില്‍ ഒലിച്ചുപോയത് കുടിലുകളും ചെറുഭവനങ്ങളും'; കുന്നിന്‍ മണ്ടയില്‍ വികസനം നടത്തുന്നത് നവകേരള നിര്‍മാണത്തിന് വിരുദ്ധം; വിഎസ് അച്യുതാനന്ദന്‍

താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം
'മാഫിയകളുടെ ആര്‍ത്തിയില്‍ ഒലിച്ചുപോയത് കുടിലുകളും ചെറുഭവനങ്ങളും'; കുന്നിന്‍ മണ്ടയില്‍ വികസനം നടത്തുന്നത് നവകേരള നിര്‍മാണത്തിന് വിരുദ്ധം; വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: പാറഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കുന്നിന്‍ മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മാണം എന്ന കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഓഗസ്റ്റ് ഒമ്പതിന് ഏര്‍പ്പെടുത്തിയ നിരോധനം രണ്ടാഴ്ച പോലും പിന്നിടുന്നതിനു മുന്‍പ് ഇന്നലെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനു കഴിയണമെന്ന് വി.എസ് പറഞ്ഞു.


വിഎസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കേരളം രണ്ടാമത്തെ പ്രളയവും കടന്നുപോയിരിക്കുന്നു. ഇപ്പോഴും വീണ്ടെടുക്കാനുള്ള മൃതദേഹങ്ങള്‍ മണ്ണിനടിയിലാണ്. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളിലെല്ലാം കുന്നിടിക്കലിന്റേയും തടയണകളുടേയും ക്വാറികളുടേയും സാന്നിദ്ധ്യമുണ്ട് എന്നത് കേവലം യാദൃഛികമല്ലെന്നാണ് വിദഗ്ധരുടെ പ്രതികരണങ്ങളില്‍നിന്ന് കാണുന്നത്. താഴ്‌വാരങ്ങളിലെ കുടിലുകളും ചെറു ഭവനങ്ങളുമാണ് മാഫിയകളുടെ ആര്‍ത്തിയില്‍ ഒലിച്ചുപോയത്. കുന്നിന്‍ മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മ്മാണം എന്ന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്. 
ഇക്കാര്യത്തില്‍ ശാസ്ത്രീയ കാഴ്ച്ചപ്പാടുയര്‍ത്തിപ്പിടിച്ച് നടപടികളിലേക്ക് കടക്കുകയാണ് ഭരണകൂടങ്ങളുടെ ചുമതല. താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. അത് കേരള ജനതക്ക് വേണ്ടിയാണ്; സുസ്ഥിര വികസനം എന്ന ഇടതുപക്ഷ കാഴ്ച്ചപ്പാടിനു വേണ്ടിയാണ്. ഭൂ മാഫിയകളുടെ പണക്കൊഴുപ്പിനു വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com