വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യത ; നീനുവിന്റെ മൊഴി നിര്‍ണായകമായി ; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലപാതകം

കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10  പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി 
വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യത ; നീനുവിന്റെ മൊഴി നിര്‍ണായകമായി ; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലപാതകം

കോട്ടയം : ദുരഭിമാനക്കൊലയെന്ന് കോടതി വിധിച്ചതോടെ,  ജാതി വ്യത്യാസത്തെ തുടര്‍ന്നുള്ള അപമാനം മൂലമുള്ള കൊലപാതകമെന്ന സംസ്ഥാനത്തെ ആദ്യ കേസായി കെവിന്‍ വധക്കേസ് മാറി. ഇതോടെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചിരിക്കുകയാണ്. ഇതോടെ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയേറിയതായി പ്രോസിക്യൂഷന്‍ പറഞ്ഞു.

ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് കെവിന്റെ കുടുംബം. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ കുടുംബം സാമ്പത്തികമായും ഏറെ പിന്നോക്കമാണ്. അതേസമയം കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും ഗള്‍ഫില്‍ ജോലി ചെയ്തു വരുന്നവരും സാമ്പത്തികമായി ഏറെ മുന്നോക്കം നില്‍ക്കുന്നവരുമാണ്. നീനു സാമുദായികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരാളെ വിവാഹം കഴിച്ചതിലുള്ള അപമാനമാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിിയല്‍ വാദിച്ചു. 

വംശീയ ഉച്ചനീചത്വമാണു കെവിന്റെ മരണത്തിലേക്കു നയിച്ചത്. കെവിന്റെ ജാതിയെപ്പറ്റി പ്രതികള്‍ മോശമായി പരാമര്‍ശിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിന് തെളിവായി ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു കൂട്ടുപ്രതികള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ ഷാനുവിനും പിതാവ് ചാക്കോയ്ക്കും എതിരെ നീനു നല്‍കിയ മൊഴിയും കേസില്‍ നിര്‍ണായകമായി. പിതാവ് ചാക്കോയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും, ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് പിതാവും സഹോദരനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും നീനു മൊഴി നല്‍കിയിരുന്നു. 

എന്നാല്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ചാക്കോയെ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിടുകയായിരുന്നു. ഗൂഢാലോചന കുറ്റമാണ് പൊലീസ് ചാക്കോക്കെതിരെ ചുമത്തിയിരുന്നത്. പ്രതികള്‍ ചാക്കോയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് പ്രധാന തെളിവായി പ്രോസിക്യൂഷന്‍ എടുത്തുകാട്ടിയിരുന്നത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം,  ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 

അഞ്ചാം പ്രതി ചാക്കോ, 10ാം പ്രതി വിഷ്ണു, 13 ഉം, 14 ഉം പ്രതികളായ ഷിനു, റെമീസ് എന്നിവരെയാണ് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടത്. അതേസമയം കോടതി വിധിയില്‍ പൂര്‍ണതൃപ്തിയില്ലെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. ചാക്കോയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും, എല്ലാവരെയും ശിക്ഷിക്കുമെന്നാണ് പ്രതിക്ഷിച്ചിരുന്നതെന്നും ജോസഫ് പ്രതികരിച്ചു. ചാക്കോയെ വെറുതെ വിട്ടത് ശരിയായില്ല. നിയമപോരാട്ടം തുടരുമെന്നും ജോസഫ് പറഞ്ഞു. 

നീനുവിന്റെ പിതാവ് ചാക്കോയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് കോട്ടയം എസ്പി എസ് ഹരിശങ്കര്‍ പറഞ്ഞു. ദക്‌സാക്ഷികളില്ലാതിരുന്ന കേസാണിത്. അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. സാഹചര്യത്തെളിവുകല്‍ കൂട്ടിയിണക്കിയാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പൊലീസിന്റെ കണ്ടെത്തലുകള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. ചാക്കോ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com