കാറിടിച്ചു തെറിപ്പിച്ചു, ബോണറ്റിലേക്ക് വീണ യുവാവുമായി കാര്‍ അമിതവേഗതയില്‍ പാഞ്ഞത് 350 മീറ്റര്‍; പട്ടാപ്പകല്‍ നടുക്കുന്ന സംഭവം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd August 2019 03:06 PM |
Last Updated: 23rd August 2019 03:06 PM | A+A A- |
കൊച്ചി: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവാവിനെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ യുവാവുമായി 350 മീറ്ററോളം സഞ്ചരിച്ച കാര്‍, യുവാവിനെ റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിനിടെ, ടയറുകയറിയും വീഴ്ചയിലും ഗുരുതര പരിക്കുപറ്റിയ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടുദിവസം മുന്‍പ് ഇടപ്പളളി-വൈറ്റില ദേശീയപാതയ്ക്ക് സമാന്തരമായ റോഡിലാണ് സംഭവം. വൈകീട്ട് നാലുമണിക്ക് മരോട്ടിച്ചോട് ജംഗ്ഷന് സമീപത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ നിഷാന്ത് എന്ന യുവാവിനാണ് അപകടത്തില്‍ പരിക്കേറ്റത്. കൂട്ടുകാരനൊപ്പം ഭക്ഷണം കഴിക്കാന്‍ നടന്നുപോകുന്നതിനിടെ, ഇടപ്പളളിയില്‍ നിന്ന് വൈറ്റില ഭാഗത്തേയ്ക്ക് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ തന്നെയുമായി കാര്‍ 350 മീറ്ററോളം സഞ്ചരിച്ചതായി നിഷാന്ത് പറയുന്നു. തുടര്‍ന്ന് സഡന്‍ ബ്രേക്കില്‍ തെറിച്ചുറോഡിലേക്ക് വീണ തന്റെ കാലിലൂടെ കാറിന്റെ ടയര്‍ കയറിയിറങ്ങിയതായും നിഷാന്ത് പറയുന്നു. എന്താണ് കാരണമെന്ന് മനസിലാകുന്നില്ലെന്നും ഒരു വാക്കുതര്‍ക്കവും ഉണ്ടായില്ലെന്നും നിഷാന്ത് പറയുന്നു.
രണ്ടുകാലിനും നടുവിനും ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ കാര്‍ അമിതവേഗതയില്‍ ആയതിനാല്‍ വണ്ടിനമ്പര്‍ വ്യകതമല്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു.
'ഞാനും എന്റെ കൂട്ടുകാരനും കൂടി ഓട്ടോറിക്ഷ ഇറങ്ങി ഭക്ഷണം കഴിക്കാന്‍ നടന്നുപോകവേയാണ് അപകടം. വലതുവശത്ത് കൂടി വന്ന കാര്‍ എന്നെ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണു.ഡ്രൈവറുമായി സംസാരിക്കാന്‍ അനുവദിക്കുന്നതിന് മുന്‍പ് എന്നെയും കൊണ്ട് കാര്‍ 350 മീറ്റര്‍ മുന്നോട്ടുപോയി.തുടര്‍ന്ന് അപ്രതീക്ഷിതമായി കാര്‍ ബ്രേക്കിട്ട് നിര്‍ത്തി. ഇതിന്റെ ആഘാതത്തില്‍ ഞാന്‍ റോഡില്‍ വീഴുകയും എന്റെ കാലില്‍ കൂടി ടയറുകയറിയിറങ്ങുകയും ചെയ്തു'- നിഷാന്ത്് പറയുന്നു.