സീറ്റ് ബെല്‍റ്റ് മുറുകി ഏഴുവയസുകാരന്‍ മരിച്ചു, അപകടം തടിലോറിയുമായി കാര്‍ കൂട്ടിയിടിച്ച്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd August 2019 10:40 PM |
Last Updated: 23rd August 2019 10:40 PM | A+A A- |

ചേര്‍ത്തല: ലോറുമായി കാര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് വയസുകാരന്‍ വയറില്‍ സീറ്റ് ബെല്‍റ്റ് മുറുകി മരിച്ചു. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി കിഴക്കേ തലയ്ക്കല്‍ തോമസ് ജോര്‍ജിന്റെ മകന്‍ ജോഹനാണ് മരിച്ചത്.
തടി കയറ്റി വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചാണ് അപകടം. തോമസ് ജോര്‍ജ്(36), ഭാര്യ മറിയം(32), ഇളയ മകള്‍ ദിയ(4) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോഹന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലെ ഭാര്യയുടെ വീട്ടിലേക്ക് വരികയായിരുന്നു കുടുംബം. ഇന്നലെ പുലര്‍ച്ചെ 3.30ടെ ദേശിയപാതയില്‍ തിരുവഴിയില്‍ വെച്ചായിരുന്നു അപകടം. തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു തടി ലോറി. പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
കാറിന്റെ പിന്‍ സീറ്റിലാണ് കുട്ടികള്‍ ഇരുന്നിരുന്നത്. ജോഹന്റെ ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകിയ പാടുകള്‍ പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാവും മരണകാരണത്തില്‍ വ്യക്തത വരിക.