ഇടപെടാനാകില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു; ഒരാളും സഹായിച്ചില്ല; തുഷാറിനെതിരായ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി നാസില്‍ അബ്ദുള്ള

തുഷാര്‍ പണം നല്‍കാനുള്ള കാര്യം ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അറിയിച്ചെങ്കിലും ഘടകകക്ഷി നേതാവായതുകൊണ്ട് പരാതിയില്‍ ഇടപെടാനാകില്ലെന്ന് അറിയിച്ചു 
ഇടപെടാനാകില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു; ഒരാളും സഹായിച്ചില്ല; തുഷാറിനെതിരായ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി നാസില്‍ അബ്ദുള്ള


ദുബായ്: മുഴുവന്‍ പണവും കിട്ടാതെ കേസില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കിയ അജ്മാനിലെ യുവ വ്യവസായി നാസില്‍ അബ്ദുള്ള.  ചെക്കിലെ ഒപ്പ് വ്യാജമാണെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കോടതിയില്‍ തെളിയിക്കാം. പണം ലഭിച്ചില്ലെങ്കില്‍ നിയമപോരാട്ടം തുടരുമെന്ന് നാസില്‍ അബ്ദുള്ള പറഞ്ഞു. 

തുഷാര്‍ പണം നല്‍കാനുള്ള കാര്യം ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അറിയിച്ചെങ്കിലും ഘടകകക്ഷി നേതാവായതുകൊണ്ട് പരാതിയില്‍ ഇടപെടാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞടുപ്പ് സമയത്തായിരുന്നു ശ്രീധരന്‍പിളളയുമായി സംസാരിച്ചത്. വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി തുഷാറുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചു. എന്നാല്‍ ആരില്‍ നിന്നും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും നാസില്‍ പറഞ്ഞു. 

തുഷാര്‍ പണം തരാത്തതിന്റെ പേരില്‍ എനിക്ക് ഒരുപാട് നഷ്ടമുണ്ടായി. അതിന്റെ നഷ്ടപരിഹാരത്തുക ഉള്‍പ്പടെയാണ് തുക ഇത്രവലുതായത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നല്‍കാനുളള തുക എത്രയാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. തുഷാറിന്റെ കൈയില്‍ നിന്ന് പണം കിട്ടാത്തതിന്റെ പേരില്‍ ആറ് മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഒന്നര വര്‍ഷത്തോളം നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് പ്രയാസമനുഭവിച്ചു. തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചതു പോലുള്ള സഹായങ്ങള്‍ ആരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നില്ല. ഇതിന് മുന്‍പ് ഒരിക്കല്‍ ആകെ തുകയുടെ 10% തരാമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഗ്ദാനം വിശ്വസിച്ച് ഒത്തുതീര്‍പ്പിന് തയാറായിരുന്നു. അന്ന് 5% പണവും 5% മറ്റൊരുടേയോ ചെക്കും തന്നു. ആ ചെക്കുകളില്‍ നിന്ന് പണം ലഭിച്ചില്ലെന്നും നാസില്‍ പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ മറ്റു പലര്‍ക്കും പണം നല്‍കാനുണ്ട്. പത്തോളം പേരെ എനിക്ക് നേരിട്ടറിയാം. പലരും ഭയം കാരണം കേസിനു പോകാതിരിക്കുകയാണ്.ചിലരുടെ കൈവശം ഒരു പക്ഷേ, ചെക്കുകളുണ്ടായിരിക്കുകയില്ല, കരാര്‍ രേഖകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വലിയ നിയമ പോരാട്ടം തന്നെ നടത്തേണ്ടിവരുമെന്നതിനാല്‍, പണം പോയ്‌ക്കോട്ടെ, മനസമാധാനത്തോടെ കഴിയാമല്ലോ എന്നായിരിക്കാം അവര്‍ ചിന്തിക്കുന്നത്. അവരില്‍ ചില കമ്പനികളുടെ പേരുകളും മറ്റും വേണമെങ്കില്‍ വെളിപ്പെടുത്താന്‍ തയാറാണെന്നും നാസില്‍ പറഞ്ഞു. പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കു പലപ്പോഴും എല്ലാ ഭാഗത്തുനിന്നും സഹായങ്ങള്‍ ലഭിച്ചേക്കാം. എന്നെപ്പോലുള്ള സാധാരണക്കാരെ പിന്തുണയ്ക്കാനും മറ്റും ആരുമുണ്ടാവില്ല. ആരാണ് സഹായിക്കുന്നതെന്നും ദ്രോഹിക്കുന്നതെന്നും തിരിച്ചറിയാനാകാത്ത കാലമാണിതെന്നും നാസില്‍ കൂട്ടിച്ചേര്‍ത്തു.

തുഷാര്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവരോട് ഏറ്റുമുട്ടുമ്പോള്‍ എനിക്കും ഭയമുണ്ട്. അതുകൊണ്ട് ഞാനെന്റെ മുഖം പൊതുജനങ്ങളില്‍നിന്നു മറച്ചുപിടിക്കുകയാണ്. പക്ഷേ, ജീവിക്കാന്‍ വേറെ നിവൃത്തിയില്ലാത്തതിനാലാണ് ചെക്ക് കേസ് നല്‍കിയത്. രേഖകളെല്ലാം കൃത്യമായുള്ള കരാര്‍ പ്രകാരമുള്ള പണമാണു തുഷാര്‍ വെള്ളാപ്പള്ളി തരാനുള്ളത്. കെട്ടിച്ചമച്ചതാകുമ്പോള്‍ അതിനു രേഖകളൊന്നും ഉണ്ടാവില്ലല്ലോ. കേസു കൊടുത്ത തുകയെഴുതിയ ചെക്കും ഈ കരാറില്‍ എഴുതിയിട്ടുണ്ട്. സെക്യൂരിറ്റിയായി നല്‍കിയ ബ്ലാങ്ക് ചെക്കായിരുന്നു അത്.

കരാര്‍ പ്രകാരമുള്ള തുക ലഭിച്ചില്ലെങ്കില്‍ ഈ സെക്യൂരിറ്റി ചെക്ക് ഉപയോഗിക്കാം എന്നതാണ് നിയമം. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്നു ഞങ്ങള്‍. അവരില്‍നിന്ന് ലഭിക്കുന്ന ചെക്കിന്റെ വിശ്വാസത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് ഞങ്ങളുടെ ചെക്കുകള്‍ നല്‍കാറായിരുന്നു പതിവ്. അവയെല്ലാം ബാങ്കില്‍നിന്ന് മടങ്ങിയതോടെ എനിക്കെതിരെ വണ്ടിച്ചെക്ക് കേസുകളുണ്ടായെന്നും നാസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അജ്മാനില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ശേഷം  ജാമ്യത്തിലിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങി. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയെ തുഷാര്‍  ഫോണില്‍ വിളിച്ചു. ഇന്നു തന്നെ നാസിലും തുഷാറും നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com