കൊച്ചിയിലെ അനധികൃത പാര്‍ക്കിങ്ങിനും കച്ചവടത്തിനും പിടിവീഴും; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഓണക്കാലത്ത് നഗരത്തിലെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് പാര്‍ക്കിങ്ങിനും കച്ചവടത്തിനും എതിരേ നടപടി ശക്തമാക്കുന്നത്
കൊച്ചിയിലെ അനധികൃത പാര്‍ക്കിങ്ങിനും കച്ചവടത്തിനും പിടിവീഴും; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി; കൊച്ചി നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങിനും കച്ചവടത്തിനുമെതിരേ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഓണക്കാലത്ത് നഗരത്തിലെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് പാര്‍ക്കിങ്ങിനും കച്ചവടത്തിനും എതിരേ നടപടി ശക്തമാക്കുന്നത്. ആദ്യ ഘട്ടമായി ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍ മുതല്‍ പൂക്കാട്ടുപടി വരെയുള്ള റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും കച്ചവട വാഹനങ്ങളും അധികൃതര്‍ നീക്കം ചെയ്തു.

നഗരത്തിലെ തിരക്കേറിയ റോഡുകളിലുള്‍പ്പടെ അനധികൃത പാര്‍ക്കിങ്ങും വണ്ടികളില്‍ വച്ചുള്ള കച്ചവടവും ഗതാഗത കുരുക്കിന് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ശക്തമാക്കിയത്. 

അനധികൃത പാര്‍ക്കിങ് നീക്കിയത് കൂടാതെ റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. വലിയ വാഹനങ്ങളില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ റോഡിലിറക്കി ചെറുവാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനെതിരേയും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്വാഡായി തിരിഞ്ഞായിരുന്നു നടപടി. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റു സ്ഥലങ്ങളിലും സമാനമായ പരിശോധനകള്‍ നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com