പൊലീസ് ഉദ്യോഗസ്ഥ വീടിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം

മരണത്തിന് പിന്നില്‍ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിക്കും
പൊലീസ് ഉദ്യോഗസ്ഥ വീടിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം

പത്തനംതിട്ട; വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി വലിയകുളത്താണ് സംഭവമുണ്ടായത്. അടൂര്‍ കെഎപി ക്യാമ്പിലെ ഉദ്യോഗസ്ഥയായ ഹണി രാജിനെയാണ് (27) വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് ഹണിയ്ക്ക് പൊലീസില്‍ നിയമനം ലഭിച്ചത്. മരണത്തിന് പിന്നില്‍ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് ചീഫ് ജി.ജയദേവ് പറഞ്ഞു.

കുടുംബപരമോ ആരോഗ്യപരമോ ആയ പ്രശ്‌നങ്ങള്‍ ഹണിയ്ക്കുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അഞ്ച് മാസം മുന്‍പാണ് കൊല്ലം കുണ്ടറ സ്വദേശിയും റെയില്‍വേ ജീവനക്കാരനുമായ സ്വരാജുമായി ഹണി വിവാഹം കഴിക്കുന്നത്. കുടുംബപരമായ പ്രശ്‌നങ്ങളില്ലായിരുന്നെന്ന് ഹണിയുടെയും സ്വരാജിന്റെയും ബന്ധുക്കള്‍ പറഞ്ഞു. കിഡ്‌നി സ്‌റ്റോണിന് മരുന്ന് കഴിക്കുന്നതല്ലാതെ ആരോഗ്യ പ്രശ്‌നങ്ങളുമില്ലായിരുന്നു.

ശബരിമല മാസപൂജയോട് അനുബന്ധിച്ച് അഞ്ചു ദിവസമായി നിലയ്ക്കലില്‍ ഡ്യൂട്ടിയിലായിരുന്നു. നിലയ്ക്കലില്‍ നിന്ന് ബുധനാഴ്ച രാത്രിയില്‍ റാന്നിയിലെ വീട്ടിലെത്തിയ ഹണി കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നലെ രാവിലെ ആറരയ്ക്ക് കാപ്പി കഴിച്ച ശേഷം ഭര്‍തൃവീട്ടിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ക്ഷീണമുണ്ടെന്നും കിടന്നിട്ടുവരാമെന്നും പറഞ്ഞ് കിടപ്പുമുറിയില്‍ കയറി. ഏഴരയോടെ ഹണിയെ വടശേരിക്കര ബസ് സ്‌റ്റോപ്പില്‍ കൊണ്ടുവിടാനായി പിതാവ് രാജു കതകില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ അറ്റന്‍ഡ് ചെയ്തില്ല. തുടര്‍ന്ന് രാജുവും ജഗദമ്മയും വാക്കത്തികൊണ്ട് കതക് വെട്ടിപ്പൊളിച്ച് മുറിയില്‍ കടന്നപ്പോഴാണ് ഹണിയെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com