'മനുഷ്യന്മാരെ കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്നത് തുടര്‍ന്നാലും'; വി.ടി ബല്‍റാമിനെതിരേ റഹിം

രാജാവിന്റെ കൂലിക്കാര്‍ വാട്‌സാപ്പ് വഴി ഓവര്‍ടൈം പണിയെടുത്തു ഇത് നാട്ടുകാരെ അറിയിക്കുകയാണെന്നും റഹിം പരിഹസിച്ചു
'മനുഷ്യന്മാരെ കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്നത് തുടര്‍ന്നാലും'; വി.ടി ബല്‍റാമിനെതിരേ റഹിം

കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം രംഗത്ത്. സ്‌കോള്‍ കേരളയുമായി ബന്ധപ്പെട്ട് പുതിയ തസ്തിക സൃഷ്ടിച്ച് റഹിമിന്റെ സഹോദരി ഉള്‍പ്പടെയുള്ളവര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചെന്ന് വിടി ബല്‍റാം ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചത്. 

ജോലി സ്ഥിരപ്പെടുത്തിയ കാര്യം സഹോദരി തന്നോട് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അനര്‍ഹമായത് ഞാന്‍ ഇടപെട്ട് എന്റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നു എന്ന് തൃത്താലയില്‍ നിന്നും ഒരു വിളംബരം വന്നിരിക്കുന്നുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. രാജാവിന്റെ കൂലിക്കാര്‍ വാട്‌സാപ്പ് വഴി ഓവര്‍ടൈം പണിയെടുത്തു ഇത് നാട്ടുകാരെ അറിയിക്കുകയാണെന്നും റഹിം പരിഹസിച്ചു. കേന്ദ്ര സര്‍ക്കാരിനും വര്‍ഗീയതയ്ക്കും എതിരേ എന്ത് പറഞ്ഞാലും ബല്‍റാമിന് അനിഷ്ടമാകുമെന്ന് അറിയാം. മനുഷ്യന്മാരെ കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്നത് തുടര്‍ന്നാലും എന്ന് പറഞ്ഞാണ് പോസ്റ്റ് അനസാനിപ്പിച്ചിരിക്കുന്നത്. 

റഹിമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

തൃത്താല മഹാരാജാവിന്റെ വിളംബരത്തിന് നന്ദി.
എന്റെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും... ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല. എന്തോ അനര്‍ഹമായത് ഞാന്‍ ഇടപെട്ട് എന്റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നു എന്ന് തൃത്താലയില്‍ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. രാജാവിന്റെ കൂലിക്കാര്‍ വാട്‌സാപ്പ് വഴി ഓവര്‍ടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാന്‍ നന്നായി പണിയെടുക്കുന്നുമുണ്ട്. കാര്യങ്ങള്‍ നന്നായി നടക്കട്ടെ.
പിന്നെ, 
'വര്‍ഗീയത വേണ്ട, ജോലി മതി' എന്ന മുദ്രാവാക്യത്തോട് താങ്കള്‍ക്ക് തോന്നുന്ന അലര്‍ജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ. വര്‍ഗീയതയ്‌ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടര്‍ന്നാലും....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com