'വിശ്വാസം അതല്ലേ എല്ലാം'; യുവതി പ്രവേശനത്തിന് മുന്‍കൈ വേണ്ട; നിലപാട് മയപ്പെടുത്തി സിപിഎം

ശബരിമല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സിപിഎം
'വിശ്വാസം അതല്ലേ എല്ലാം'; യുവതി പ്രവേശനത്തിന് മുന്‍കൈ വേണ്ട; നിലപാട് മയപ്പെടുത്തി സിപിഎം

തിരുവനന്തപുരം: ശബരിമല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സിപിഎം. പ്രവര്‍ത്തനശൈലിയില്‍ വരുത്തേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചു സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ച  സംഘടനാ രേഖയിലാണ് നിര്‍ദ്ദേശം. പലരും ഇക്കാര്യം ചര്‍ച്ചയിലും ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞടുപ്പ് പരാജയം വിലയിരുത്തുന്നതിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ചര്‍ച്ചയാണ് മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന കമ്മറ്റിയില്‍ നടന്നത്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പരാജയത്തിന്റെ മുഖ്യകാരണം ശബരിമലയാണെന്ന നിലപാടാണ് ഭൂരിപക്ഷം പേരും കൈക്കൊണ്ടത്. 

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട ് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി മലചവിട്ടാന്‍ ആരും യുവതികളെ നിര്‍ബന്ധിക്കില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചില ആക്ടിവിസ്റ്റുകളെ നിര്‍ബന്ധിപ്പിച്ച്  മല ചവിട്ടിച്ചത് തിരിച്ചടിയായെന്നും, ഇത് മുന്നണിക്കും പാര്‍ട്ടിക്കും ക്ഷീണമായെന്നും സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ നിലപാട് മാറ്റാനാവില്ലെന്നും ആരെയും വിശ്വാസികളുടെ വികാരത്തെ ഹനിക്കുന്ന രീതിയില്‍ യുവതി പ്രവേശനത്തിന് പാര്‍ട്ടി മുന്‍കൈ എടുക്കേണ്ടതില്ലെന്നും വ്യ്ക്തമാക്കിയത്. 

അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള സിപിഎമ്മിന്റെ സംഘടനാരേഖക്ക് ഇന്ന് അന്തിമരൂപമാകും. ജനപിന്തുണ തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിയും നേതാക്കളും വരുത്തേണ്ട മാറ്റങ്ങള്‍ കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറാക്കുന്ന രേഖയില്‍ വലിയ തിരുത്തലുകളാണ് സിപിഎം ലക്ഷ്യമിടുന്നത്.

ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനപ്രവര്‍ത്തനമെന്ന ശൈലിമാറണമെന്ന് രേഖ വ്യക്തമാക്കുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളിലേക്കിറങ്ങി ജനങ്ങളോട് വിനയത്തോടെ പെരുമാറണം. സുഖജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ നിലനില്‍പ്പിന്റെ ആവശ്യകത നേതാക്കള്‍  മനസിലാക്കണം. പാര്‍ട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകള്‍ നടത്തും.

നേതാക്കളും അവരുടെ ചുറ്റുപാടും സംശയത്തിന് ആതീതമാവുന്നതിനൊപ്പം ജനങ്ങളെ നിര്‍ബന്ധിച്ചുള്ള പിരിവ് അവസാനിപ്പിക്കാനും രേഖയില്‍ നിര്‍ദേശമുണ്ട്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ തുടര്‍ച്ചായായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് സിപിഎം രേഖയില്‍ ആഹ്വാനം ചെയ്യുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com