'ഇരിക്കവിടെ, അവിടെപ്പോയിരിക്ക്...'; വേദിയിലെത്തിയ സ്ത്രീയോട് ചൂടായി മുഖ്യമന്ത്രി, വീഡിയോ വൈറല്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 24th August 2019 08:39 PM |
Last Updated: 24th August 2019 08:39 PM | A+A A- |

കണ്ണൂരിലെ പൊതു പരിപാടിയില്‍വെച്ച് സ്ത്രീയോട് ദേഷ്യത്തോടെ പെരുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മുഖ്യമന്ത്രി സ്ത്രീയോട് ദേഷ്യപ്പെട്ടുകൊണ്ട് 'പോയി ഇരിക്ക്, അവിടെപ്പോയി ഇരിക്ക്' എന്നു പറയുന്നതാണ് വിഡിയോയിലുള്ളത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റത്തിന്റെ മറ്റൊരു ഉദാഹരണം എന്ന ആക്ഷേപവുമായാണ് വീഡിയോ പ്രചരിക്കുന്നത്. ആദ്യം സ്ത്രീയോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്ന മുഖ്യമന്ത്രി പിന്നീട് ചൂടാകുന്നതാണ് ദൃശ്യത്തിലുള്ളത്.
പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം ചെയ്തവരെ ആദരിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിന്റെ വേദിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ വേദിയിലെത്തിയ തളിപറമ്പ സ്വദേശിയായ സ്ത്രീയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളയാളാണ് എന്നാണ് പൊലീസ് പറയുന്നത്. പരിപാടി തീരും വരെ വേദിയുടെ താഴെ ഭാഗത്തിരുന്ന സ്ത്രീയെ പിന്നീട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറ്റി അവരെ കൊണ്ടു പോയി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത കണ്ണൂരിലെ ഒരു വേദിയിലെത്തിയും ഇവര്‍ സമാനരീതിയില്‍ പെരുമാറിയിരുന്നു എന്നും ചിലര്‍ വ്യക്തമാക്കുന്നു.