വീട്ടുകാരെ പറ്റിക്കാന്‍ കിണറ്റിന്‍കരയില്‍ ആത്മഹത്യ അഭിനയം, കാല്‍വഴുതി കിണറ്റിലേക്ക്; ദുരന്തം
By സമകാലികമലയാളം ഡെസ്‌ക് | Published: 24th August 2019 10:35 AM |
Last Updated: 24th August 2019 10:35 AM | A+A A- |
ഇടുക്കി: മദ്യലഹരിയില്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതായി കാണിച്ച്, അരകല്ല് കിണറ്റിലിടുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു.കുമളി അട്ടപ്പളളം സ്വദേശി എടക്കര സാബു ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
അട്ടപ്പളളം ലക്ഷം വീട് കോളനിക്ക് സമീപം പിതാവിനും മാതാവിനും ഒപ്പമാണ് കഴിഞ്ഞ കുറേക്കാലമായി സാബു താമസിച്ചിരുന്നത്. മദ്യലഹരിയില്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ സാബു മാതാപിതാക്കളുമായി വഴക്കുണ്ടാക്കി. മാതാപിതാക്കള്‍ സാബുവിനെ വീടിന് പുറത്താക്കി വാതിലടച്ചു.
വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ താന്‍ കിണറ്റില്‍ ചാടി എന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ വീടിന് സമീപത്തെ കിണറ്റിലേക്ക് അരകല്ലെടുത്ത് ഇടുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന് ചുറ്റുമതില്‍ ഇല്ല. സമീപത്തെ വീടിന്റെ ടെറസിലിരുന്ന് അപകടം കണ്ട അയല്‍വാസിയാണ് സാബു കിണറ്റില്‍ വീണ വിവരം നാട്ടുകാരെ അറിയിച്ചത്. ഇതോടെ നാട്ടുകാര്‍ കിണറ്റിലിറങ്ങി സാബുവിനെ പുറത്തെടുത്ത് സമീപത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.