പ്രളയ ധനസഹായം; ക്യാമ്പുകളില്‍ കഴിയാതിരുന്നവര്‍ക്കും അടിയന്തര സഹായം നല്‍കും; സര്‍ക്കാര്‍ ഉത്തരവിറക്കി

സഹായം കൈപ്പറ്റുന്ന എല്ലാവരുടെയും പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി
പ്രളയ ധനസഹായം; ക്യാമ്പുകളില്‍ കഴിയാതിരുന്നവര്‍ക്കും അടിയന്തര സഹായം നല്‍കും; സര്‍ക്കാര്‍ ഉത്തരവിറക്കി

കോഴിക്കോട്: പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ക്യാമ്പുകളില്‍ കഴിയാതെ ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ക്കും പ്രളയബാധിതരായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അടിയന്തര സഹായം നല്‍കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സഹായം കൈപ്പറ്റുന്ന എല്ലാവരുടെയും പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും അടിയന്തര സഹായമായ പതിനായിരം രൂപ ഉടനടി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ വകുപ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഉത്തരവിറക്കിയത്. അതിനിടെ, ആയിരം വില്ലേജുകളെ പ്രളബാധിത വില്ലേജുകളായി പ്രഖ്യാപിക്കണമെന്ന് റവന്യൂ വകുപ്പ് ശുപാര്‍ശ നല്‍കി. 

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഭക്ഷണം നല്‍കുകയും ചെയ്തവരെ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒറ്റയ്‌ക്കോ കുടുംബമായോ ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അടിയന്തര സഹായത്തിന് അര്‍ഹതയുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ക്യാമ്പുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാകും പണം അനുവദിക്കുക. 

വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിലാകും പരിശോധന. കഴിഞ്ഞ വര്‍ഷം അനര്‍ഹരായ ആയിരക്കണക്കിനാളുകള്‍ അടിയന്തര സഹായം കൈപ്പറ്റിയ സാഹചര്യത്തില്‍ ഇക്കുറി സഹായം കൈപ്പറ്റുന്നവരുടെ എല്ലാവരുടെയും പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അനര്‍ഹര്‍ തുക കൈപ്പറ്റിയാല്‍ ഇത് തിരിച്ചുപിടിക്കാനാണ് തീരുമാനം. പ്രളയത്തില്‍ വീടുകള്‍ക്കുണ്ടാകുന്ന ഭാഗിക നാശം തിട്ടപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കിക്കൊണ്ടുളള ഉത്തരവും റവന്യൂ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com